പോത്തൻകോട്: ഞാണ്ടൂർക്കോണം പുരുകുന്നിന് സമീപം വീടിന് മീതെ മണ്ണിടിഞ്ഞ് വീണു. ആർക്കും പരിക്കില്ല. ഞാണ്ടൂർക്കോണം പുതുകുന്ന് പള്ളിക്ക് സമീപം കൊക്കോട്ടുകോണത്ത് വീട്ടിൽ മുകേഷ് - അജിത ദമ്പതികളുടെ വീടിന്റെ അടുക്കള ഭാഗത്താണ് മണ്ണ് ഇടിഞ്ഞുവീണത്.

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വീടിന്റെ അടുക്കളയിലും കിണറിലും മണ്ണ് ഇടിഞ്ഞ് വീണിരുന്നു. തൊട്ടടുത്ത് റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് കുന്നിടിച്ചതാണ് അപകടത്തിന് കാരണമെന്ന് മുകേഷ് പറഞ്ഞു. കുന്നിടിക്കുന്നതിനെതിരെ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും അധികാരികളുടെ ഒത്താശയോടെ മണ്ണിടിക്കൽ തുടരുകയായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി മുകേഷും കുടുംബവും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. രണ്ട് പെൺകുട്ടികളുമായി കഴിയുന്ന മുകേഷും ഭാര്യയും മഴ കനത്താൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന ആശങ്കയിലാണ്.