maranalloor

മലയിൻകീഴ്: ഗ്രാമപ്രദേശങ്ങളിലെ റോഡുകളിൽ തടസം സൃഷ്ടിച്ച് വില്പനയ്ക്ക് അടുക്കിയിട്ടിരിക്കുന്ന കുറ്റൻ മരത്തടികൾ. മാറനല്ലൂർ, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലാണ് പ്രധാന റോഡുകൾ വരെ കൈയേറി ഇത്തരത്തിൽ മരത്തടികൾ അടുക്കിയിട്ടിരിക്കുന്നത്. വഴിയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിലാണ് സ്വകാര്യവ്യക്തികൾ ഇത്തരത്തിൽ മരക്കച്ചവടം നടത്തുന്നത്. മേപ്പൂക്കട, അണപ്പാട്, പാലോട്ടുവിള, കരിപ്പൂര്, തച്ചോട്ടുകാവ്, മൂങ്ങോട്, അന്തിയൂർക്കോണം തുടങ്ങിയ ഇടങ്ങളിൽ ലോഡ്കണക്കിന് മരത്തടികളാണ് റോഡരികിൽ അടുക്കിയിട്ടുള്ളത്. മലയിൻകീഴ് - പാപ്പനംകോട് റോഡിൽ പ്രധാന ജംഗ്ഷനുകളിൽ ഇത്തരത്തിൽ മരത്തടികൾ അടുക്കിയിട്ടുണ്ട്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ എതിരെ വരുന്ന വാഹനത്തിന് വഴി കൊടുക്കുമ്പോഴാണ് ഇത് കൂടുതൽ പ്രശ്നമാകുന്നത്. പല വാഹനങ്ങളും മരത്തടികളിൽ ഉരസി കേടുപാടുകൾ സംഭവിക്കാറുണ്ട്. അപകടങ്ങളും ഉണ്ടാകാറുണ്ട്. റോഡിന് വശങ്ങളിലുള്ള നടപ്പാതയിൽ മരത്തടികൾ സ്ഥാനം പിടിച്ചിരിക്കുന്നതിനാൽ കാൽനടയാത്രക്കാർ റോഡിലിറങ്ങി വേണം നടക്കാൻ. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.