മുടപുരം: ഈ സാമ്പത്തിക വർഷത്തിൽ വിവിധ മേഖലകളിൽ പ്രവർത്തന മികവ് കൊണ്ട് അഴൂർ ഗ്രാമപഞ്ചായത്തിനെ ജില്ലയിൽ മുൻപന്തിയിൽ എത്തിക്കാൻ കഴിഞ്ഞതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ പറഞ്ഞു. കെട്ടിട നികുതി പിരിവിൽ ജില്ലയിൽ ഒന്നാമതായും സംസ്ഥാനത്ത് മൂന്നാമതായും നൂറ് ശതമാനം നികുതി പിരിവ് നടത്തി. തുടർ സാക്ഷരതാ പ്രവർത്തനത്തിൽ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം നേടി. പഞ്ചായത്തിൽ സമ്പൂർണ മാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കിയുള്ള ഹരിതകർമ്മ സേനയുടെ പ്രവർത്തനം ആരംഭിക്കാനായതും നേട്ടമായി.
വയോജന സൗഹൃദ, ബാല സൗഹൃദ, ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനത്തിലൂടെ ഗ്രാമപഞ്ചായത്തിന് ഒരു പുതിയ മുഖം കൈവരിക്കാൻ സാധിച്ചു. ലൈഫ് ഭവന പദ്ധതി പ്രകാരം 228 വീടിനായി എഗ്രിമെന്റ് ചെയ്തു. 212 പേർക്ക് വീട് പൂർത്തിയാക്കി. 26 പേർക്ക് ഭൂമി നൽകാൻ കഴിഞ്ഞു. യാത്രക്കാർക്കായി 'ടേക്ക് എ ബ്രേക്ക് ' വിശ്രമകേന്ദ്രം പെരുങ്ങുഴി മാർക്കറ്റ് ജംഗ്‌ഷനിലും ഗാന്ധിസ്മാരക കേന്ദത്തിലും സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.