തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിലെ ആറാട്ട് വിഷുദിനമായ നാളെ നടക്കും. വർഷങ്ങൾക്ക് ശേഷമാണ് വിഷുവും ആറാട്ടും ഒരേനാളിലെത്തുന്നത്. ഇക്കാരണത്താൽ രാവിലെ വൈകിയും വിഷുക്കണി ദർശനത്തിന് അവസരമുണ്ടാകും. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പള്ളിവേട്ട ഇന്ന് രാത്രി നടക്കും. രാജകുടുംബ സ്ഥാനി മൂലം തിരുനാൾ രാമവർമ്മയാണ് പള്ളിവേട്ട നടത്തുന്നത്. ഉത്സവ ശീവേലിക്ക് ശേഷം പടിഞ്ഞാറെനട വഴി വേട്ടക്കെഴുന്നള്ളത്ത് പുറത്തിറങ്ങും. ഉടവാളുമായി സ്ഥാനി അകമ്പടിയേകും. വില്ലേന്തിയ ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹത്തിനൊപ്പം തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും എഴുന്നള്ളിക്കും. വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെ നിശബ്ദമായി വേട്ടപ്പുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തും. പ്രതീകമായി കരിക്കിൽ അമ്പെയ്‌താണ് വേട്ട. ശംഖ് വിളിച്ച് വാദ്യഘോഷങ്ങളോടെയാണ് വേട്ട കഴിഞ്ഞുള്ള ഘോഷയാത്ര ക്ഷേത്രത്തിലേക്ക് മടങ്ങുന്നത്. തുടർന്ന് ഒറ്റക്കൽ മണ്ഡപത്തിൽ പദ്മനാഭസ്വാമിയുടെ വിഗ്രഹം വച്ച് നവധാന്യങ്ങൾ മുളപ്പിച്ചതുമായി മുളയീട് പൂജ നടത്തും. നാളെ പുലർച്ചെ 5ന് പശുവിനെ മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദർശനവും തുടർന്ന് വിഗ്രഹങ്ങൾക്ക് നിർമ്മാല്യവും നടത്തും. നാളെ വൈകിട്ട് 5ന് ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനങ്ങളിൽ പദ്മനാഭസ്വാമിയെയും നരസിംഹ മൂർത്തിയെയും തിരുവമ്പാടി കൃഷ്‌ണനെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രയ്‌ക്ക് തുടക്കമാവും. ഇവയ്‌ക്കൊപ്പം ചേരാനായി നഗരത്തിലെ നാല് ക്ഷേത്രങ്ങളിൽ നിന്ന് ആറാട്ട് വിഗ്രഹങ്ങൾ എത്തിക്കും. എല്ലാ വിഗ്രഹങ്ങളും ചേർന്നാണ് ശംഖുംമുഖത്തേക്ക് കൂടിയാറാട്ടിനായി പോകുക. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്ത് കൂടി ഘോഷയാത്ര ശംഖുംമുഖത്തെത്തും. തീരത്തെ കൽമണ്ഡപത്തിലിറക്കിവച്ച വാഹനങ്ങളിൽ നിന്ന് വിഗ്രഹങ്ങളെ പൂജകൾക്ക് ശേഷം സമുദ്രത്തിലാറാടിക്കും. രാത്രി വൈകി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ മടങ്ങിയെത്തുന്നതോടെ ഉത്സവം കൊടിയിറങ്ങും.

വിമാനത്താവളത്തിലെ റൺവേ അടയ്‌ക്കും

ആറാട്ടിനെ വരവേൽക്കാനായി നാളെ വൈകിട്ട് 4 മുതൽ 9 വരെ വിമാനത്താവളത്തിലെ റൺവേ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്.