
വെള്ളറട: കേന്ദ്ര വനംപരിസ്ഥിതി വകുപ്പ് നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതത്തിലെ കൂടുതൽ പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാൻ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിനെതിരെ അമ്പൂരി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരത്തിലധികംപേർ പങ്കെടുത്തു. ഡോ. ശശിതരൂർ എം.പി ഉദ്ഘാടനം ചെയ്‌ത യോഗത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു, വൈസ് പ്രസിഡന്റ് തോമസ് മംഗലശേരി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വിവിധ മതസംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.നെയ്യാർഡാമിന്റെ ഇരുകരകളിലായി സ്ഥിതിചെയ്യുന്ന അമ്പൂരി ഗ്രാമപഞ്ചായത്തിലെ പത്തോളം വാർഡുകൾ പുതിയ വിജ്ഞാപനത്തിൽ പരിസ്ഥിതി ലോല മേഖല പട്ടികയിൽപ്പെടും. ജനവാസ പ്രദേശങ്ങൾ പൂർണമായും ഒഴിവാക്കി പുതിയ വിജ്ഞാപനം പ്രഖ്യാപിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറാകണമെന്നാണ് ആവശ്യം. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തുടർ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് അമ്പൂരി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.