
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ഇന്നലെ തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ചു. ഇതിന്റെ സ്വാധീന ഫലമായാണ് മഴ ലഭിക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്ററും ചില അവസരങ്ങളിൽ 60 കിലോമീറ്ററും വരെ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.