തിരുവനന്തപുരം: കേരളത്തിലെ പരസ്യരംഗത്ത് ശ്രദ്ധേയരായ ശ്രവ്യയുടെ പിറവിക്കുപിന്നിൽ ഇന്നലെ അന്തരിച്ച ഡോ.ജെ.ബി. മോഹനായിരുന്നു. കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ ഗവേഷകനായിരിക്കുമ്പോൾ തിരുവനന്തപുരം ആകാശവാണിക്കുവേണ്ടി റേഡിയോ നാടകങ്ങൾക്ക് സ്‌ക്രിപ്ട് എഴുതിയിരുന്നു. പിഎച്ച്.ഡി നേടിയശേഷം പിതാവിന്റെ നിർദ്ദേശപ്രകാരം ഔവർകോളേജിൽ അദ്ധ്യാപകനായി.

പിന്നീട് അദ്ദേഹം ബിസിനസ് രംഗത്തേക്ക് ചുവടുവച്ചപ്പോഴാണ് ശ്രവ്യ അഡ്വൈർടൈസിംഗ് തുടങ്ങിയത്. ചുരുങ്ങിയ സമയംകൊണ്ട് ശ്രവ്യ പരസ്യരംഗത്ത് ശ്രദ്ധിക്കുന്ന കമ്പനിയായി വളർന്നു. അറ്റ്ലസ് ജുവലറി,​ പത്തനംതിട്ട തിരുവല്ലയിലെ രാഗം ടെക്‌സ്റ്റൈൽസ് എന്നിവയ്‌ക്കുവേണ്ടി അന്ന് ചെയ്‌ത പരസ്യങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. വൈദ്യുതി ബോർഡിന് വേണ്ടിയും പരസ്യം ചെയ്‌തിരുന്നു. മലയാളമായിരുന്നു വിഷയമെങ്കിലും മികച്ച മാനേജ്മെന്റ് വിദഗ്ദ്ധൻ കൂടിയായിരുന്നു ജെ.ബി. മോഹൻ. കാലത്തിനനുസരിച്ച് അഡ്വൈർടൈസിംഗിന്റെ പുത്തൻമേഖലകളിലേക്ക് സഞ്ചരിക്കാനും അദ്ദേഹം മടി കാണിച്ചിരുന്നില്ല. അങ്ങനെ 1987ൽ ശ്രവ്യയുടെ പരസ്യങ്ങൾ ടെലിവിഷനിലേക്ക് ചേക്കേറി. 1992ൽ പത്രങ്ങളിലായിരുന്നു കേന്ദ്രീകരിച്ചത്. 1999ൽ ഔട്ട്ഡോർ പരസ്യങ്ങളും 2014 ആയപ്പോൾ ഡിജിറ്റൽ പരസ്യങ്ങളിലും ശ്രവ്യ മേധാവിത്വം പ്രകടമാക്കി. ബ്രാൻഡിംഗിലും മാർക്കറ്റിംഗിലും ശ്രവ്യ നടത്തിയ നീക്കങ്ങൾ ഈ രംഗത്ത് മറ്റ് കമ്പനികളെ ബഹുദൂരം പിന്നിലാക്കി. 40 വർഷങ്ങൾക്ക് ഇപ്പുറം നാലായിരത്തോളം പരസ്യ കാമ്പെയിനുകളാണ് ശ്രവ്യ നടത്തിയത്. ഇരുപതോളം ദേശീയഅവാർഡുകളും ശ്രവ്യ നേടിയിട്ടുണ്ട്. കോളേജ് പഠനകാലത്ത് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിക്കും സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാറിനുമൊപ്പം അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിക്കാനും ഡോ.ജെ.ബി. മോഹൻ മുൻനിരയിലുണ്ടായിരുന്നു. ഈ സമയത്താണ് തങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമായതെന്ന് ബേബി കേരളകൗമുദിയോട് പറഞ്ഞു.