തിരുവനന്തപുരം: ഇന്നത്തെ പെസഹായുടെ തിരു കർമ്മങ്ങൾക്കും നാളെ ദുഃഖവെള്ളി ദിനാചരണവും തുടർന്ന് 17ന് ഈസ്റ്റർ ആഘോഷത്തിനുമായി ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങൾ ഒരുങ്ങി. വിവിധ ദേവാലയങ്ങളിൽ ഇന്ന് നടക്കുന്ന പെസഹായുടെ ശുശ്രൂഷകളിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കുചേരും. വിവിധ മതമേലദ്ധ്യക്ഷന്മാർ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും.

പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്ന് വെകിട്ട് മൂന്നിന് ആരംഭിക്കുന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനാകും. തുടർന്ന് പെസഹാ കുർബാന. നാളെ രാവിലെ എട്ടിന് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ. ദുഃഖശനി രാവിലെ ആറിന് പ്രഭാത നമസ്‌കാരവും വിശുദ്ധ കുർബാനയും കബറിങ്കൽ ധൂപ പ്രാർത്ഥനയും പട്ടം ലിറ്റിൽ ഫ്ളവർ കൊച്ചുപള്ളിയിൽ. 16ന് വൈകുന്നേരം ഏഴിന് രാത്രി പ്രാർത്ഥനയെ തുടർന്ന് ഉയിർപ്പ് തിരുനാൾ ശുശ്രൂഷകളും വിശുദ്ധ കുർബാനയും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യ കാർമികത്വം വഹിക്കും.

പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഇന്ന് വൈകിട്ട് അഞ്ചിന് തിരുവത്താഴ ദിവ്യബലി, പൗരോഹിത്യ സ്ഥാപനം, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം. രാത്രി എട്ടു മുതൽ 12 വരെ ദിവ്യകാരുണ്യആരാധന. നാളെ രാവിലെ ഒൻപത് മുതൽ മൂന്നു വരെ പരിശുദ്ധ ദിവ്യകാരുണ്യ ആരാധന. ഉച്ചകഴിഞ്ഞ് മൂന്നിന് പീഡാസഹന അനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം. 6.45ന് പരിശുദ്ധ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പീഡാനുഭവ തിരുസ്വരൂപ വണക്കം. ശിനി രാത്രി 10.30ന് ഉയിർപ്പിന്റെ തിരുക്കർമങ്ങൾ. ഈസ്റ്റർ ദിനത്തിൽ രാവിലെ ഏഴിനും 8.45നും വൈകിട്ട് അഞ്ചിനും ദിവ്യബലിയുണ്ടാകും.

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് തിരുവത്താഴ ദിവ്യബലി. രാത്രി 7.30 മുതൽ രാത്രി 12 വരെ ദിവ്യകാരുണ്യ ആരാധന. നാളെ രാവിലെ ആറുമുതൽ പൊതു ആരാധന. ഉച്ചകഴിഞ്ഞ് മൂന്നിന് പീഡാനുഭവ തിരുക്കർമ്മങ്ങൾ. മുഖ്യകാർമികൻ മോൺ.ഡോ.സി. ജോസഫ്. തുടർന്ന് കുരിശിന്റെ വഴി. ശനി രാത്രി 10.45ന് പെസഹാ ജാഗരം. മുഖ്യകാർമികൻ തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ്. ഞായർ രാവിലെ 7.30നും 10.30നും വൈകുന്നേരം അഞ്ചിനും 6.45നും ഈസ്റ്ററിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയുണ്ടാകും.

തിരുമല തിരുക്കുടുംബ ദേവാലയത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് പെസഹാ തിരുക്കർമ്മങ്ങൾ. ആഘോഷമായ വിശുദ്ധ കുർബാന, കാൽകഴുകൾ ശുശ്രൂഷ, വചനസന്ദേശം, വിശുദ്ധ കുർബാനയുടെ ആരാധന. നാളെ രാവിലെ ഏഴു മുതൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ. നേർച്ചക്കഞ്ഞി. ഉച്ചകഴിഞ്ഞ് രണ്ടിന് പീഡാനുഭവ തിരുക്കർമ്മങ്ങൾ. ഉയിർപ്പിന്റെ ശുശ്രൂഷകൾ ശനി രാത്രി 9.30ന് ആരംഭിക്കും. ഞായർ രാവിലെ 6.15ന് വിശുദ്ധ കുർബാന.

പാളയം സമാധാനരാജ്ഞി ബസിലിക്കയിൽ ഇന്ന് രാവിലെ എട്ടു മുതൽ വിശുദ്ധ കുർബാനയുടെ ആരാധന. വൈകിട്ട് ആറിന് സന്ധ്യാനമസ്‌കാരം. നാളെ രാവിലെ ഒൻപതു മുതൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ.ഞായർ രാവിലെ 6.30ന് വിശുദ്ധ കുർബാന.

പോങ്ങുംമൂട് വിശുദ്ധ അൽഫോൺസാ പള്ളിയിൽ ഇന്ന് വൈകിട്ട് 4.30ന് പെസഹായുടെ തിരുക്കർമ്മങ്ങൾ ആരംഭിക്കും. ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം, കാൽകഴുകൽ ശുശ്രൂഷ. നാളെ രാവിലെ ആറു മുതൽ പരിശുദ്ധ കുർബാനയുടെ ആരാധന. വൈകിട്ട് മൂന്നിന് പീഡാനുഭവ വെള്ളി തിരുക്കർമങ്ങൾ. ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ശനിയാഴ്ച രാത്രി 10.30ന് ആരംഭിക്കും. ഞായർ രാവിലെ 6.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന.