ഗുരുമന്ദിരവും സാംസ്‌കാരിക നിലയവും പൊളിക്കില്ലെന്ന് മേയർ
തിരുവനന്തപുരം: ചേന്തിയിലെ ശ്രീനാരായണ സാംസ്‌കാരിക നിലയത്തിനും ഗുരുദേവക്ഷേത്രത്തിനും നഗരസഭ നോട്ടീസ് നൽകിയ സംഭവത്തിൽ കൗൺസിൽ യോഗത്തിൽ വൻ പ്രതിഷേധം. അനധികൃത കൈയേറ്റത്തിലുൾപ്പെടുന്നതാണെന്ന നിഗമനത്തിലാണ് കഴിഞ്ഞദിവസം റവന്യു വിഭാഗം സാംസ്കാരികനിലയം ഭാരവാഹികൾക്ക് നോട്ടീസ് നൽകിയത്.
90 വർഷത്തിലധികം പഴക്കമുള്ള സാംസ്‌കാരിക നിലയത്തെ രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി പൊളിക്കാനുള്ള നീക്കമാണെന്ന് ആക്ഷേപം ഉയർന്നതോടെ ബി.ജെ.പി കൗൺസിലിൽ വിഷയം അവതരിപ്പിച്ചു. ഗുരുദേവക്ഷേത്രവും ശ്രീനാരായണ സാംസ്‌കാരിക നിലയവും പൊളിക്കാൻ കോർപ്പറേഷൻ നോട്ടീസ് നൽകിയെന്ന് ബി.ജെ.പി കൗൺസിൽ കക്ഷി നേതാവ് എം.ആർ. ഗോപൻ ആരോപിച്ചു. നിത്യപൂജയുള്ള ഗുരുമന്ദിരമാണെന്നും സാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായ കെട്ടിടം പൊളിക്കാൻ ആവശ്യപ്പെട്ടത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന രഹിതമായ കാര്യങ്ങൾക്കാണ് സാംസ്കാരിക നിലയത്തിന് നോട്ടീസ് നൽകിയതെന്ന് യു.ഡി.എഫ് കൗൺസിലർ ജോൺസൻ ജോസഫും പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ മേയർ ആര്യാ രാജേന്ദ്രൻ പ്രശ്‌നത്തിൽ ഇടപെട്ടു.
പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടില്ലെന്നും തർക്കഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സമിതിയുടെ ഭാഗം വിശദീകരിക്കാനാണ് നോട്ടീസ് നൽകിയതെന്നും മേയർ പറഞ്ഞു. പ്രശ്‌നം രൂക്ഷമായപ്പോൾ ഗുരുമന്ദിരവും സാംസ്‌കാരിക നിലയം കെട്ടിടവും പൊളിക്കില്ലെന്നും മേയർ വ്യക്തമാക്കി. അതേസമയം നഗരസഭാ പരിധിയിൽ കൈയേറ്റം വ്യാപകമാണെന്ന് ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. ശ്രീകണ്ഠേശ്വരം, ഫോർട്ട്, ശ്രീവരാഹം, അട്ടക്കുളങ്ങര, തമ്പാനൂർ എന്നിവിടങ്ങളിൽ പുറമ്പോക്ക് കൈയേറി സി.പി.എം പാർട്ടി ഓഫീസുകൾ നിർമിക്കുകയാണ്. പലതവണ സെക്രട്ടറിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
ലൈസൻസുള്ളതിനെക്കാൾ
കൂടുതൽ അനധികൃതം
നഗരത്തിലെ അനധികൃതമായ ആക്രിക്കടകളാണ് കൂടുതലെന്ന് ഭരണസമിതിതന്നെ ഇന്നലെ കൗൺസിലിനെ അറിയിച്ചു.
നിലവിൽ നഗരസഭയുടെ ലൈസൻസ് നേടിയിട്ടുള്ള ആക്രിക്കടകളുടെ എണ്ണം 55ആണ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് 155 എണ്ണവും. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ പി. ജമീലാ ശ്രീധറാണ് കണക്ക് അവതരിപ്പിച്ചത്.
അറവുശാലകളെല്ലാം അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും നഗരസഭ സമ്മതിച്ചു. 25,000 വ്യാപാര സ്ഥാപനങ്ങളുള്ളതിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ 1320 കടകൾ പുതുതായി വ്യാപാര ലൈസൻസ് നേടി. കരമന – കളിയിക്കാവിള റോഡ് വികസനത്തിന് സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നപ്പോൾ വിസ്‌തീർണം കുറഞ്ഞ് ലൈസൻസ് നഷ്ടപ്പെട്ട വ്യാപാര സ്ഥാപനങ്ങൾ ക്രമവത്കരിക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചതായും ജമീലാ ശ്രീധർ അറിയിച്ചു.