
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കോടതി-പാലക്കടവ് റോഡ് വഴി കടന്നുപോകുന്ന ഭാരം കയറ്റിയ വാഹനങ്ങൾക്ക് 18 മുതൽ നിരോധം. പാലക്കടവ് പാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നതുമായുണ്ടാകുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ കെ. ആൻസലൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് വാഹന ഗതാഗതം നിരോധിക്കാൻ തീരുമാനമായത്. വർഷങ്ങൾക്ക് മുമ്പേയുള്ള ലോകായുക്തയുടെ വിധി ലംഘിച്ചാണ് ഇതുവഴി അമിതഭാരമുള്ള വാഹനങ്ങളുടെ നിരന്തരയാത്ര. രാപകലില്ലാതെയുള്ള അമിതഭാരം കയറ്റിയ വാഹനയാത്ര കാരണം കോടതി റോഡ് മുതൽ പാലക്കടവ്-രാമേശ്വരം-കണ്ണംകുഴി വരെയുള്ള പൈപ്പ്ലൈനുകൾ നിരന്തരം പൊട്ടി ജലവിതരണം തടസപ്പെടുക നിത്യസംഭവമാണ്. പാലക്കടവ് പാലത്തിനും ഇത് ബലക്ഷയമുണ്ടാക്കുന്നുണ്ട്. ഇത് നാട്ടുകാരിൽ വ്യാപക പ്രതിഷേധത്തിനും സമരത്തിനും ഇടയാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പാലക്കടവ് മുതൽ അമരവിള വരെയുള്ള റോഡ് നവീകരണം മാസങ്ങൾക്ക് 2.5 കോടി രൂപാ ചെലവിലാണ് പൂർത്തിയാക്കിയത്. ഇത്തരത്തിൽ രാപകലില്ലാതെയുള്ള അമിതഭാരം കയറ്റിയ വാഹനയാത്ര വീണ്ടും റോഡ് തകർച്ചയ്ക്ക് കാരണമായേക്കാമെന്നും ആശങ്കയുണ്ട്. നിരന്തരമുള്ള പൈപ്പ്പൊട്ടൽ പതിവായതിനെ തുടർന്ന് ജനങ്ങൾ നിരന്തര പ്രതിഷേധമുയർത്തുകയും ജലഅതോറിട്ടി ഓഫിസിൽ സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു. വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ പാലക്കടവ് പാലത്തിൽ പ്രതീകാത്മക ക്രോസ്ബാർ സ്ഥാപിച്ച് പ്രതിഷേധിക്കുകയും ഭാരം കയറ്റിയ വാഹനങ്ങളെ തടഞ്ഞ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പാലത്തിന് സമീപം സ്ഥിതിചെയ്യുന്ന ചെക്ക്പോസ്റ്റിൽ ഭാരം കയറ്റിയ വാഹനങ്ങളെ തടയാനായി ക്രോസ്ബാർ സ്ഥാപിക്കണമെന്ന് കോടതി വിധിയുണ്ടായിട്ടും അതും നടപ്പായില്ല. നെയ്യാറ്റിൻകര കോടതിയ്ക്ക് മുൻവശത്തും നിരന്തരം പൈപ്പ് പൊട്ടൽ പതിവാണ്. കൃഷ്ണൻകോവിൽ ജംഗ്ഷൻ മുതൽ ദേശീയപാതയോട് ചേരുന്ന റോഡ് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ച് മാസങ്ങളായിട്ടും പണി ഇതുവരെ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് നവീകരണത്തോടെ മാത്രമേ ഇവിടുത്തെ പൈപ്പ്‌പൊട്ടലിന് പരിഹാരമുണ്ടാകൂവെന്നാണ് ജലഅതോറിട്ടിയുടെയും അഭിപ്രായം. വാഹനയാത്ര നിരോധിക്കുന്നത് സംബന്ധിച്ച് എം.എൽ.എ ഓഫീസിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹനൻ, നെയ്യാറ്റിൻകര ഡി.വൈ.എസ്.പി, ജോയിന്റ് ആർ.ടി.ഒ, പി.ഡബ്ല്യു.ഡി അസി. എക്സി. എഞ്ചിനീയർ മുതലായവർ പങ്കെടുത്തു.