sparjan

തിരുവനന്തപുരം: സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ (ഗുണ്ടാനിയമം) ചുമത്താനുള്ള പൊലീസിന്റെ അപേക്ഷകളിൽ തീരുമാനമെടുക്കാതെ ജില്ലാ ഭരണകൂടം. സിറ്റി പൊലീസ് നൽകിയ 19 അപേക്ഷകളടക്കം തലസ്ഥാനത്ത് മുപ്പതോളം അപേക്ഷകൾ ഫയലിലാണ്. മൂന്നുമാസത്തിനിടെ നൽകിയ അപേക്ഷകളാണിവ. കുറ്റകൃത്യം നടന്നയുടൻ അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താൻ പൊലീസ് അപേക്ഷിക്കുന്നത്. ഈ അപേക്ഷകളിലാണ് തീരുമാനം വൈകുന്നത്.

നഗരത്തിൽ മുൻപുണ്ടായിരുന്ന ഗുണ്ടാലിസ്റ്റിൽ സജീവ ഗുണ്ടകളല്ലാത്ത നിരവധി പേർ കടന്നുകൂടിയിരുന്നു. ഇവരെ ഒഴിവാക്കി പുതിയ ഗുണ്ടകളെ ഉൾപ്പെടുത്തി കമ്മിഷണർ ജി. സ്പർജ്ജൻകുമാറിന്റെ നിർദ്ദേശപ്രകാരം ലിസ്റ്റ് പുതുക്കി. ഡെപ്യൂട്ടി കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള കാപ്പാ സെല്ലാണ് യാതൊരു പിഴവുമില്ലാതെ അപേക്ഷകൾ തയ്യാറാക്കിയത്.

കളക്ടർക്കുള്ള പൊലീസിന്റെ അപേക്ഷയിൽ വിവരങ്ങൾ തെറ്റിക്കുന്ന പതിവ് സിറ്റി പൊലീസിലുണ്ടായിരുന്നു. സ്ഥിരം ക്രിമിനലുകളുടെ ഏഴുവർഷത്തെ കേസ് ചരിത്രം സഹിതമാണ് കളക്ടർക്ക് അപേക്ഷ നൽകേണ്ടത്. ഇതിൽ കേസ് നമ്പറുകളും വകുപ്പും സെക്‌ഷനുകളും തെറ്റായെഴുതിയാണ് ഗുണ്ടകളെ രക്ഷിക്കുക. വിവരങ്ങൾ തെറ്റാണെങ്കിൽ കളക്ടർക്ക് കരുതൽ തടങ്കലിന് ഉത്തരവിടാനാവില്ല. കളക്ടർ നടപടിയെടുത്താൽ കാപ്പ ബോർഡിലും ഹൈക്കോടതിയിലും അപ്പീൽ നൽകി ഗുണ്ടകൾ ഊരിപ്പോരും. ഇതൊഴിവാക്കാനാണ് അപേക്ഷ തയ്യാറാക്കാൻ ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിച്ചത്.

ക്രിമിനൽകേസിൽ കുടുങ്ങി ആറുമാസത്തിനകം കരുതൽ തടങ്കലിലാക്കണമെന്നാണ് നിയമം. കാപ്പ ചുമത്താനും കരുതൽ തടങ്കലിനും ഉത്തരവിടാൻ കളക്ടർമാർ മടിക്കുന്നതോടെ, ക്രിമിനലുകൾ ജാമ്യംനേടി പുറത്തിറങ്ങുന്നതും പതിവാണ്. അപേക്ഷകളിൽ സൂക്ഷമമായ നിയമപരിശോധന നടത്തുന്നതാണ് തീരുമാനം വൈകാൻ കാരണമെന്നാണ് കളക്ടർ പറയുന്നത്.