
കാട്ടാക്കട: ആമച്ചൽ നാഞ്ചല്ലൂർ തോട്ടിന്റെ സൈഡ്‌വാൾ കെട്ടിയത് മഴയത്ത് ഒലിച്ചു പോയി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഒൻപത് ലക്ഷം രൂപ എസ്.സി /എസ്.ടി ഫണ്ട് വിനിയോഗിച്ചാണ് സൈഡ് വാൾ നിർമ്മാണം നടത്തിയത്.
നിർമ്മാണജോലികൾ പൂർത്തീകരിച്ച് ഒരുമാസം കഴിഞ്ഞുണ്ടായ മഴയത്താണ് സൈഡ് വാൾ തകർന്നുവീണത്.
പണി നടക്കുമ്പോൾ തന്നെ പ്രദേശവാസികൾ നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ ആരും അത് മുഖവിലയ്ക്കെടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. സാധാരണ കരിങ്കല്ല് സിമന്റിടാതെ ഡി.ആർ അടുക്കിന് മുകളിൽ ബെൽറ്റ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ നല്ല രീതിയിൽ സിമന്റ് ഉപയോഗിക്കാതെ ചെയ്തതിനാൽ പലസ്ഥലങ്ങളിലും കോൺക്രീറ്റ് ഇളകിപ്പോയിട്ടുണ്ട്. സൈഡ് വാൾ കെട്ടി മണ്ണിട്ടുനികത്തി ഗതാഗതയോഗ്യമാക്കണമെന്നായിരുന്നു കരാർ. എന്നാൽ ഇതൊന്നും ചെയ്യാതെയാണ് കോൺട്രാക്ടർ വർക്ക് നിർത്തി പോയതെന്നും ആക്ഷേപമുയരുന്നുണ്ട്. ഇപ്പോൾ ബണ്ട് റോഡ് വഴിയുള്ള യാത്ര വളരെ ദുഷ്കരമാണ്.