
വക്കം: വേനൽ മഴയിലും വെള്ളക്കെട്ടായി ഒരു റോഡ്. പള്ളിമുക്ക് - തിനവിള റോഡിനാണീ ഗതി. നിത്യവും ഒരു ഡസനിലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റോഡാണിത്. ടാറിട്ട റോഡ് രണ്ടായി മുറിഞ്ഞ് വെള്ളക്കെട്ടായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വേനൽ മഴയിൽ ഇതാണ് വെള്ളക്കെട്ടെങ്കിൽ യഥാർത്ഥ മഴക്കാലത്തെ കഥ പറയുകയും വേണ്ട. വെള്ളക്കെട്ട് മാറ്റി റോഡ് ടാർ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ഇനിയും പരിഗണിച്ചിട്ടില്ല. വാഹനങ്ങൾ കടന്ന് പോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നത് ഇവിടെ സ്ഥിരം കാഴ്ചയായി മാറി. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണിവിടെ.