
കൊച്ചി: പൊതുപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിയുൾപ്പെടെ അഞ്ചു പേരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേട്ട മാനവനഗർ വയലിൽ വീട്ടിൽ രേഷ്മ ബാലൻ (പാഞ്ചാലി -38), പേട്ട മാനവനഗർ വയലിൽ വീട്ടിൽ കണ്ണൽ ലാലു (23), കണ്ണൂർ വെള്ളയാട് കൊല്ലേത്ത് വീട്ടിൽ അഭിഷേക് (22), കോട്ടയം കടത്തുരുത്തി കൊച്ചുപുരയ്ക്കൽ വീട്ടിൽ ജിനു ബേബി (23), തിരുവനന്തപുരം കടക്കപ്പള്ളി ജോസിയോ നിവാസിൽ തിയോഫ് (39) എന്നിവരാണ് പിടിയിലായത്. കൊച്ചി നഗരത്തിൽ ആക്രിപെറുക്കി ജീവിക്കുന്ന രേഷ്മയുടെ കഞ്ചാവ് വില്പനയും മദ്യക്കച്ചവടവും പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതിന് എറണാകുളം വീക്ഷണം റോഡിൽ താമസിക്കുന്ന ഫിറോസിനെയാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഫിറോസിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എറണാകുളം സെൻട്രൽ സി.ഐ വിജയ് ശങ്കറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.