വിതുര: തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി, ആനപ്പെട്ടി വാർഡുകളുടെ അതിർത്തിപ്രദേശമായ ആനപ്പെട്ടി മേഖലയിൽ അനുഭവപ്പെടുന്ന ദുർഗന്ധംമൂലം ജനജീവിതം ദുസഹമായതായി പരാതി. രണ്ടാഴ്ചയായി പ്രദേശം മുഴുവൻ ചീഞ്ഞുനാറുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇത് മൂലം ഇൗച്ചയുടേയും കൊതുകിന്റെയും ശല്യവും വർദ്ധിച്ചു. വീടുകളിൽ കൂട്ടത്തോടെയാണ് ഇൗച്ചകൾഎത്തുന്നത്. ഭക്ഷണത്തിലും മറ്റും ഇൗച്ചകൾ വന്നിരിക്കുന്നതുമൂലം സാംക്രമികരോഗം പിടികൂടുവാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്. തൊളിക്കോട് പഞ്ചായത്തിൽ കൊവിഡ് വ്യാപനഭീഷണി നിലനിൽക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങളും ഉടലെടുത്തിരിക്കുന്നത്. ആനപ്പെട്ടി മേഖലയിൽ ഒരു വ്യക്തി നടത്തുന്ന കോഴിഫാമിൽനിന്നാണ് ദുർഗന്ധം വമിക്കുകയും, ഇൗച്ച ശല്യം ഉണ്ടാകുകയും ചെയ്യുന്നതെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്. ദിവസങ്ങൾ കഴിയുംതോറും മറ്റ് മേഖലകളിലേക്കും ഇൗച്ച ശല്യം വ്യാപിച്ചുവരികയാണെന്ന് ചെറുകൈത, കണ്ണങ്കര നിവാസികളും പരാതിപ്പെടുന്നു. നേരത്തേ ചായം, തോട്ടുമുക്ക് വാർഡുകളുടെ അതിർത്തി പ്രദേശമായ മണലയം മേഖലയിലും രൂക്ഷമായ ഇൗച്ചശല്യം നേരിട്ടിരുന്നു. നാട്ടുകാർ പഞ്ചായത്ത് ഒാഫീസ് ഉപരോധിച്ചതിനെ തുടർന്ന് വിതുര പൊലീസ് പ്രശ്നത്തിൽ ബന്ധപ്പെടുകയും ഇവിടെ പ്രവർത്തിച്ചിരുന്ന കോഴിഫാം പൊളിച്ചുമാറ്റുവാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇൗ കോഴിഫാമാണ് ഇപ്പോൾ ആനപ്പെട്ടിയിൽ പ്രവർത്തിക്കുന്നതെന്നാണ് ആനപ്പെട്ടി നിവാസികൾ പരാതിപ്പെടുന്നത്. പ്രശ്നം പരിഹരിക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷും, ആനപ്പെട്ടി വാർഡ്മെമ്പർ ഫസീലാഅഷ്ക്കറും, തുരുത്തി വാർഡ്മെമ്പർ എൻ.എസ്.ഹാഷിമും അറിയിച്ചു. പഞ്ചായത്ത് പടിക്കൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് ആനപ്പെട്ടിനിവാസികൾ.