kannan

കാട്ടാക്കട: വിഷുക്കണിക്കായി കണ്ണന്റെ അതിമനോഹര ശില്പങ്ങൾ കാട്ടാക്കടയിൽ തയ്യാറാക്കി വച്ചിരിക്കുകയാണ് രാജസ്ഥാനി ശില്പികൾ. എല്ലാ വർഷവും വിഷു, നവരാത്രി, ക്രിസ്മസ് തുടങ്ങി എല്ലാവിശേഷവുമായി ബന്ധപ്പെട്ട് ആഴ്ചകൾക്ക് മുൻപ് തന്നെ ഇവർ കാട്ടാക്കട, ബാലരമാപുരം റോഡിൽ സ്ഥാനം പിടിക്കും. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഈ മേടത്തിൽ പരിഹരിക്കപ്പെടുമെന്നാണ് ഇവരുടെ വിശ്വാസം. വില്പനയ്ക്കായി എത്തിച്ചവയിൽ ഭൂരിഭാഗവും ആളുകൾ വാങ്ങി കഴിഞ്ഞു. 150 രൂപ മുതൽ 1500 രൂപ വരെയുള്ള വിവിധ വലിപ്പത്തിലുള്ള ശില്പങ്ങളാണ് വില്പനയ്ക്കെത്തിച്ചിരിക്കുന്നത്. ഒരടി മുതൽ അഞ്ചടി വരെയുള്ള ശില്പങ്ങളും ഇവരുടെ പക്കലുണ്ട്. ഇതിന് നേരിയ വില വ്യത്യാസമുണ്ടാകും. കടുത്ത വേനലും ഇടയ്ക്കു പെയ്യുന്ന മഴയും ഇവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ശില്പങ്ങൾ നിർമ്മിച്ച് ഇവിടെ എത്തിക്കാനുള്ള ചെലവും, മറ്റു ദൈനംദിന ചെലവുകളും ഭീമമാണ്. ആശങ്കയോടെ വിപണിയെ നേരിടുമ്പോൾ രാത്രി കാലങ്ങളിൽ ഇവർ മൂടിക്കെട്ടി വച്ച് പോകുന്ന ശില്പങ്ങൾ മോഷ്ടിച്ച് കൊണ്ട് പോകുന്നവരുമുണ്ട്.