vld-1

വെള്ളറട: സംസ്ഥാനത്ത് ആദിവാസി ഉൗരുകളിലേക്കുള്ള സഞ്ചരിക്കുന്ന റേഷൻകടയിലൂടെ ഭക്ഷ്യ ധാന്യങ്ങൾ വീട്ടിലെത്തിച്ച് നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. അമ്പൂരി ഗ്രാമപഞ്ചായത്തിലെ പുരവിമല സെറ്റിൽമെന്റ് കോളനിയിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി അമ്പൂരി ഗ്രാമപഞ്ചായത്തിലെ പുരവിമല തെൻമല,​ കണ്ണുമാംമൂട്​ എന്നീ ട്രൈബൽ സെന്റിൽമെന്റുകളിലായി താമസിക്കുന്ന 185 കുടുംബങ്ങൾക്ക് റേഷൻ സാധനങ്ങൾ നേരിട്ട് എത്തിച്ചു നൽകും. റേഷൻ ഭക്ഷ്യധാന്യങ്ങൾ ആദിവാസികളുടെ ആവശ്യം അനുസരിച്ച് മാറ്റം വരുത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും ആദിവാസി ക്ഷേമ പദ്ധതിയുടെ ഭാഗമായി വനം വകുപ്പിന്റെയും പട്ടികവർഗ വികസന വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വത്സരാജു,​ പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് അംഗം അമ്പിളി പുത്തൂർ,​ വാർഡ് മെമ്പർ അഖില ഷിബു,​ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡി. സജിതാ ബാബു,​ ജില്ലാ സപ്ളൈ ഓഫീസർ ഉണ്ണികൃഷ്ണ കുമാർ,​ കുടപ്പനമൂട് ബാദുഷ​ തുടങ്ങിയവർ സംസാരിച്ചു.