general

ബാലരാമപുരം: ജില്ലയിൽ പ്രമുഖ വാണിജ്യകേന്ദ്രമാണ് ബാലരാമപുരത്തെ പൊതുമാർക്കറ്റ്. ശരാശരി 20- 25 ലക്ഷം രൂപയ്ക്ക് ലേലം ചെയ്യുന്ന പൊതുമാർക്കറ്റിനിപ്പോൾ ശനിദശയാണ്. ഇവിടത്തെ അപകടാവസ്ഥയിലായ ഇരുനിലക്കെട്ടിടം മെയിന്റനൻസ് ചെയ്യാൻ പോലും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് മാർക്കറ്റിൽ സാധനം വാങ്ങാനെത്തുന്നത്. ഇവിടെ ഉത്പന്നങ്ങൾക്ക് അമിതവിലയാണെന്നും പരാതിയുണ്ട്. എന്നാൽ മാർക്കറ്റ് ശോചനീയാവസ്ഥയിലായതോടെ സാധനം വാങ്ങാനെത്തുന്നവരുടെ എണ്ണം കുറഞ്ഞെന്നാണ് കച്ചവടക്കാരുടെ പരാതി. ഇക്കാരണത്താലാണ് സാധനം വിലകൂട്ടിവിൽക്കുന്നതെന്നും അല്ലാത്തപക്ഷം വാണിജ്യ നഷ്ടമുണ്ടാകുമെന്നും കച്ചവടക്കാർ പറയുന്നു.

മാസങ്ങൾക്ക് മുമ്പാണ് അപകടാസ്ഥയിലായ മാർക്കറ്റ് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണത്. പഞ്ചായത്ത് അധികൃതരും എൽ.എസ്.ജി.ഡി അസി. എൻജിനിയർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് മാർക്കറ്റ് അടിയന്തരമായി നവീകരിക്കുമെന്ന് അറിയിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരുവിധ നടപടിയുമില്ല. കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി മാർക്കറ്റ് മറ്റൊരു സ്ഥലത്തോക്ക് മാറ്റി സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും ചില പ്രാദേശിക എതിർപ്പുകൾ നിലനിന്നിരുന്നതിനാൽ തീരുമാനം മാറ്റുകയായിരുന്നു. ജംഗ്ഷനിൽ നിന്നും പൊതുമാർക്കറ്റ് ദൂരേക്ക് മാറ്റിയാൽ കച്ചവടം കുറയുമെന്നാണ് കച്ചവടക്കാരും ട്രേഡ് യൂണിയനുകളും പറയുന്നത്.

 പരാതി ഇങ്ങനെ.......ലക്ഷങ്ങൾ കച്ചവടം നടത്തി ലാഭം നേടിയിരുന്ന പൊതുമാർക്കറ്റിൽ ഇപ്പോൾ കച്ചവടവും തീരെ കുറഞ്ഞിരിക്കുകയാണ്. അമിത ഗേറ്റ് ഫീ കാരണം മാർക്കറ്റിലെത്തുന്ന മത്സ്യത്തിന് തീവില ഈടാക്കുന്നെന്നാണ് പൊതുവേയുള്ള പരാതി.

പഞ്ചായത്ത് അറിയിച്ചത്........ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ച് കച്ചവടം നടത്തണമെന്നും അമിതവില ഈടാക്കി കച്ചവടം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇത്തരക്കാരുടെ സ്ഥാപന ലൈസൻസ് റദ്ദ് ചെയ്യുമെന്നും പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.

 കച്ചവടക്കാരുടെ പക്ഷം.........വിലവിവരപ്പട്ടിക പ്രദർശിപ്പിച്ച് കച്ചവടം നടത്തുമ്പോൾ കമ്പോളനിരക്ക് ദിനംപ്രതി മാറുന്നതിനാൽ അത് പ്രായോഗികമല്ലെന്നാണ് കച്ചവടക്കാരുടെ വാദം.

 നാട്ടുകാർക്കും പറയാനുണ്ട്...........ബന്ധപ്പെട്ട അധികൃതർ കൃത്യമായി പരിശോധന നടത്താതെ പിന്നോട്ട് പോയതോടെയാണ് സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചതെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.