rajesh

തിരുവനന്തപുരം: ബി.എസ്.എൻ.എൽ കോപ്പർ കേബിൾ മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയും അറസ്റ്റിലായി. തിരുപുറം പഴയകട ചത്തിനാർ ക്ഷേത്രത്തിന് സമീപം മകം വീട്ടിൽ രാജേഷിനെയാണ് (42) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിതുര ബി.എസ്.എൻ.എൽ എക്സ്‌ചേഞ്ചിലെ അസിസ്റ്റന്റ് ടെലിഫോൺ ടെക്നീഷ്യനാണ്.

കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം. ബി.എസ്.എൻ.എൽ പാപ്പനംകോട് തൂവൻകുഴിയിൽ ഓവർഹെഡായി സ്ഥാപിച്ചിരുന്ന 100 മീറ്ററോളം വരുന്ന 5 ജോഡി കോപ്പർ കേബിളുകളാണ് ഇയാളും മറ്റൊരു പ്രതിയും ചേർന്ന് മോഷ്ടിച്ചത്. ഈ കേസിൽ, ബി.എസ്.എൻ.എൽ മുൻ താത്കാലിക ജീവനക്കാരനായ പാപ്പനംകോട് തൂക്കുവിള തകിടിയിൽ വീട്ടിൽ മോഹൻകുമാറിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേമം എസ്.എച്ച്.ഒ രഗീഷ്‌കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, ജോൺ വിക്ടർ, എ.എസ്.ഐ അജിത്കുമാർ, സി.പി.ഒമാരായ സാജൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.