കുളത്തൂർ: കഴക്കൂട്ടം കിൻഫ്രയ്ക്ക് സമീപമം ബോംബേറിൽ യുവാവിന്റെ കാൽ തകർന്ന സംഭവത്തിൽ പിടിയിലായ പ്രതികളുടെ വീടുകളിൽ പൊലീസ് നടത്തിയ തെരച്ചിലിൽ നാടൻ ബോംബുകൾ കണ്ടെത്തി. കേസിലെ നാലാം പ്രതി ലിയോൺ ജോൺസന്റെയും അഞ്ചാം പ്രതി വിജീഷിന്റെയും വീടുകളിൽ നിന്നാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെടുത്തത്. ലിയോൺ ജോൺസന്റെ തുമ്പയിലെ വീട്ടിലും വിജീഷിന്റെ കഴക്കൂട്ടത്തെ വീട്ടിലുമാണ് പൊലീസ് പരിശോധന നടത്തിയത്. വിജീഷിന്റെ വീടിന് സമീപം കരിയിലകൾക്കിടയിലാണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്. ലിയോൺ ജോൺസന്റെ വീടിനോടു ചേർന്ന കുളിമുറിയിൽ ഒളിപ്പിച്ച നിലയിലാണ് ബോംബ്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് ബോംബുകൾ സൂക്ഷിച്ചിരുന്ന സ്ഥലങ്ങൾ വെളിപ്പെടുത്തിയത്. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ബോംബുകൾ നിർവീര്യമാക്കി. ഇക്കഴിഞ്ഞ 7ന് രാത്രിയാണ് വീടിന് സമീപം സംസാരിച്ച് നിന്ന സുഹൃത്തുക്കൾക്ക് നേരെ സ്കൂട്ടറിലെത്തിയ മൂന്നംഗസംഘം ബോംബെറിഞ്ഞത്. ബോംബ് പതിച്ച് കാലിൽ ഗുരുതര പരിക്കേറ്റ രാജൻ ക്ലീറ്റസ് ആശുപത്രിയിൽ ചികിത്സയിലാണ്.