
കിളിമാനൂർ: കഴിഞ്ഞ ദിവസം ഉച്ചയോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലും നിർധന കുടുംബത്തിന്റെ വീടിന്റെ മേൽക്കൂര തകർന്നു. നഗരൂർ, വെള്ളംകൊള്ളി, കോട്ടയ്ക്കൽ സ്വദേശിനി സുജയുടെ വിഷ്ണുഭവൻ എന്ന വീടാണ് തകർന്നത്. ഈ സമയം വീട്ടിനുള്ളിൽ ആരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. സുജയുടെ ഭർത്താവ് സുരേഷ് ബാബു രണ്ട് വർഷം മുമ്പ് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. സുജയും മകൻ വിഷ്ണുവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ആകെയുള്ള കിടപ്പാടം നഷ്ടമായതോടെ ഇനി എവിടെ പോകണമെന്ന് അറിയാതെ വിഷമിക്കുകയാണ് കുടുംബം. നഗരൂർ പഞ്ചായത്തിലും വില്ലേജ് ഓഫീസിലും സുജ അപേക്ഷ നല്കിയിട്ടുണ്ട്.