കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പമ്പ് കേടായിട്ട് മാസങ്ങളായി. ഇതോടെ ഡിപ്പോയിലും വാണിജ്യ സമുച്ചയത്തിലും കുടിക്കാനും പ്രാഥമിക കൃത്യങ്ങൾക്കും വെള്ളമില്ലാത്ത അവസ്ഥയായി. അധികൃതരുടെ അനാസ്ഥകാരണം ബുദ്ധിമുട്ടുന്നത് ഡിപ്പോയിൽ എത്തുന്ന ജീവനക്കാരും യാത്രാക്കാരുമാണ്.

പമ്പ് കേടായതും കുഴൽക്കിണർ തകരാറായതുമാണ് ജല ദൗർലഭ്യത്തിന് കാരണമെന്ന് ഡിപ്പോ അധികൃതർ പറയുന്നു. വെള്ളം ലഭിക്കാതായതോടെ വനിതകൾക്കായുള്ള ടോയ്‌ലെറ്റ് അടച്ചു പൂട്ടി. ജീവനക്കാർ, വാണിജ്യ സമുച്ചയത്തിലെ വനിതാ തൊഴിലാളികൾ, യാത്രക്കാരായ വനിതകൾ എന്നിവർക്കായുള്ള ടോയ്ലെറ്റുകൾക്കും ഇതോടെ പൂട്ടുവീണു.

ഡിപ്പോയ്ക്കുള്ളിൽ വനിതാ ജീവനക്കാർക്കും വനിതാ യാത്രക്കാർക്കും ഉള്ള വിശ്രമമുറിയുടെ സമീപമുള്ള ടോയ്ലെറ്റിനാണ് താഴ്‌വീണത്.

പൊതു ജനങ്ങൾക്കായി ദാഹജലത്തിനായി ജി.കാർത്തികേയന്റെ പേരിലെ കുടിവെള്ള പദ്ധതിയിൽ നിന്നുമാണ് ഡിപ്പോയിൽ ഒരു ടോയ്ലെറ്റിനായി വെള്ളം ഉപയോഗിക്കുന്നത്. കുടിവെള്ളം പാഴാക്കരുത് എന്നു ആലേഖനം ചെയ്ത ടാങ്കിൽ നിന്നാണ് ടോയ്ലെറ്റിലേക്ക് ആവശ്യമായ വെള്ളം ഓസ് ഘടിപ്പിച്ചു ഉപയോഗിക്കുന്നത്.

കാട്ടാക്കട മൊളിയൂർ കുളത്തിലെ പമ്പ് ഹൗസിൽ നിന്നുമാണ് കെ.എസ്.ആർ.ടി.സിയിലേക്കുള്ള ജലം എത്തിക്കുന്നത്. പരാതികൾ ഉയർന്നതോടെ ചീഫ് ഓഫീസിൽ വിവരം അറിയിച്ചിട്ടും നടപടി ഇഴയുന്നതിൽ വ്യാപകമായ പ്രതിഷേധമാണുള്ളത്‌.

വാണിജ്യ സമുച്ചയത്തിലാകട്ടെ വെള്ളം ലഭിക്കാതായതിനു പുറമെ പൈപ്പുകൾ പൊട്ടി ഉപയോഗശൂന്യമാവുകയും ചെയ്തു.

രാവിലെ 8 മുതൽ രാത്രി 8 വരെ ജോലി നോക്കുന്ന എൺപതോളം ജീവനക്കാരാണ് വാണിജ്യ സമുച്ചയത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നത്. സ്ഥാപനങ്ങളിൽ ഇപ്പോൾ പുറത്ത് നിന്നും വെള്ളം ചുമടായി എത്തിക്കേണ്ട സഹചര്യവമാണ്. 25 ലക്ഷത്തോളം മുൻകൂർ പണം അടച്ചു മാസം തോറും പതിനായിരത്തോളം രൂപ വാടകയും ഒപ്പം ഇതിൽ ആയിരത്തി അഞ്ഞൂറോളം രൂപ അറ്റകുറ്റപ്പണിക്കായും ഇവർ ഡിപ്പോയ്ക്ക് അടയ്ക്കുന്നുണ്ട്.