government-medical-colleg

ജീവനക്കാർ കുടികിടപ്പാക്കിയതിനാൽ കൊവിഡ് ചികിത്സയ്ക്കായി ആശുപത്രികൾ ഏറ്റെടുത്ത പേവാർഡുകൾ രോഗികൾക്ക് അനുവദിക്കാനാവാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 'കൊവിഡ് പേവാർഡുകൾ ജീവനക്കാർ കുടികിടപ്പാക്കി" എന്ന തലക്കെട്ടിൽ വിശദമായ വാർത്ത ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അസാധാരണമായ പല നടപടികളും എടുക്കേണ്ടിവന്ന സാഹചര്യം കൂടിയാണ് കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിന്റെ ഭാഗമായാണ് കെ.എച്ച്.ആർ.ഡബ്ളിയു.എസിന്റെ പേ വാർഡുകൾ ആരോഗ്യവകുപ്പിന്റെ ഉത്തരവ് പ്രകാരം അതത് ആശുപത്രികൾ ഏറ്റെടുത്തത്. 2020 ജനുവരിയിലാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. ഇതുപ്രകാരം പേവാർഡുകൾ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി മാറ്റി. അപ്പോൾത്തന്നെ ഒരു നിശ്ചിത ശതമാനം പേവാർഡുകൾ ജീവനക്കാരെ താമസിപ്പിക്കുന്നതിനായും മാറ്റി നൽകി. കൊവിഡ് കാലത്ത് യാത്രാസൗകര്യം ഇല്ലാത്തതിനാലാണ് ജീവനക്കാർക്ക് വേണ്ടി അത് വിട്ടുനൽകിയത്. കെ.എച്ച്.ആർ.ഡബ്ളിയു.എസിന്റെ സ്റ്റാഫിനെ മറ്റ് ആശുപത്രി ഡ്യൂട്ടികൾക്കായി നിയോഗിക്കുകയും ചെയ്തു. എന്നാൽ കൊവിഡിന്റെ പ്രതിസന്ധി ശമിച്ചപ്പോൾ ആരോഗ്യവകുപ്പ് പേവാർഡുകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിട്ടും അതത് ആശുപത്രികൾ അതിന് തയ്യാറാകാതെ ചില ഒളിച്ചുകളികൾ നടത്തുന്നതാണ് ഞങ്ങളുടെ ലേഖകൻ പുറത്തുകൊണ്ടുവന്നത്.

കിടത്തി ചികിത്സ ആവശ്യമായി വരുന്ന സാധാരണക്കാർക്ക് പേവാർഡ് ലഭിക്കുക എന്നത് വലിയ ആശ്വാസമാണ്. സ്വന്തം വീട്ടുകാരുടെ പരിചരണവും രോഗിക്ക് ഇതിലൂടെ ലഭിക്കും. ഇത്തരം നല്ല ഉദ്ദേശ്യത്തോടെ സർക്കാർ രൂപം നൽകിയ ആശയമാണ് പേവാർഡ് എന്നത്. ഇതാണ് ചില ആശുപത്രി ജീവനക്കാരുടെ പിടിവാശി കാരണം അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ തിക്തഫലം അനുഭവിക്കുന്നതാകട്ടെ സംസ്ഥാനത്തെ സാമ്പത്തികശേഷിയും പിടിപാടും ഇല്ലാത്ത സാധാരണക്കാരായ രോഗികളും. ഇപ്പോൾ വീട്ടിൽപോയി വരുന്ന ജീവനക്കാർ പോലും കിട്ടിയ മുറികൾ ഒഴിഞ്ഞുകൊടുക്കുന്നില്ല എന്നതാണ് സ്ഥിതി. കൂടാതെ കൂടുതൽ ജീവനക്കാർ മുറികൾ കൈക്കലാക്കുകയും ചെയ്തിരിക്കുന്നു. രോഗികളെ പേവാർഡിലേക്ക് വിടേണ്ട ആശുപത്രിയുടെ നടത്തിപ്പുകാർ പേവാർഡ് ഒഴിവില്ലെന്ന് പറഞ്ഞ് രോഗികൾക്ക് ഈ സൗകര്യം നിഷേധിക്കുകയാണ്.

69 ആശുപത്രികളിൽ 75 പേവാർഡ് കെട്ടിടങ്ങളും അതിൽ 1885 മുറികളുമാണുള്ളത്. കൊവിഡിനുശേഷം നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രികൾ മാത്രമാണ് പേവാർഡുകൾ കുറച്ചെങ്കിലും വിട്ടുനൽകിയത്. മറ്റ് ജില്ലകളിൽ ഇത് നടപ്പായിട്ടില്ല. പേവാർഡ് വിട്ടുനൽകിയാലും അവിടേക്ക് രോഗികളെ പ്രവേശിപ്പിക്കാത്ത നടപടി തുടരുകയാണ്. പേവാർഡുകളിൽ നിന്ന് കൊവിഡിന് മുമ്പ് വാടകയായി പ്രതിമാസം രണ്ട് കോടി രൂപയോളം ലഭിച്ചിരുന്നു. ഈ വരുമാനം നിലച്ചതോടെ കെ.എച്ച്.ആർ.ഡബ്ളിയു.എസിന് 60 കോടി സർക്കാർ നൽകി. ഇനി പണം ലഭിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. അതിനാൽ അവർക്ക് പിടിച്ചുനിൽക്കാനും പേവാർഡുകൾ വിട്ടുകിട്ടേണ്ടതുണ്ട്. പേവാർഡുകൾ കൃത്യമായി ആശുപത്രിക്കാർ രോഗികൾക്ക് നൽകാതിരുന്നാൽ സൊസൈറ്റി വൻ പ്രതിസന്ധിയിലാകും. അതിനേക്കാൾ പ്രധാനം സാധാരണക്കാരായ രോഗികൾ ഇതുമൂലം അനുഭവിക്കുന്ന പണച്ചെലവും ദുരിതവുമാണ്. അതിനാൽ ജനപക്ഷത്തുനിന്ന് പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണേണ്ടതാണ്.