
വിഷുക്കൈ നീട്ടവും കോടിയും സമ്മാനിച്ചു
തിരുവനന്തപുരം: അഭ്രപാളിയിൽ ' വിക്രമിനെ ' കാണാൻ പ്രേക്ഷകരെപ്പോലെ താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞപ്പോൾ നടൻ ജഗതി ശ്രീകുമാറിന്റെ മുഖത്ത് ചിരി വിടർന്നു. വിഷുദിനത്തിൽ കോടിയും കൈനീട്ടവുമായി സഹപാഠിയും സുഹൃത്തുമായ ജഗതിയെ കാണാനെത്തിയതായിരുന്നു ഹസൻ. സി.ബി.ഐ സിനിമകളിലെ അഞ്ചാം ഭാഗമായ സി.ബി.ഐ 5ൽ വിക്രം എന്ന കഥാപാത്രത്തെ ജഗതി അവതരിപ്പിക്കുന്നുണ്ട്.
പേയാട്ടെ വീട്ടിലെത്തിയ ഹസൻ ജഗതിയെ വിഷുക്കോടി അണിയിച്ച ശേഷം കൈനീട്ടം നൽകി. നാണയത്തിൽ അല്പനേരം നോക്കിയ ശേഷം അദ്ദേഹം ചിരിച്ചു. അടുത്ത വിഷുവിനും നമ്മൾ കാണുമല്ലോയെന്ന ഹസന്റെ ചോദ്യത്തിന് ഉണ്ടാകുമെന്ന് തലയാട്ടി ജഗതി മറുപടി നൽകി.