
പിരപ്പൻകോട്: മാനവികതയുടെയും മതസൗഹാർദ്ദത്തിന്റെയും നിറവിൽ വിഷുവും ദു:ഖവെള്ളിയും ഉത്സവവും ആചരിച്ച് പിരപ്പൻ കോട് നിവാസികൾ. പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട കഴിഞ്ഞ ദിവസം മത്തനാട് ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ നടന്നു. തുടർന്നുള്ള പള്ളിവേട്ട ഘോഷയാത്രയെ വേളാവൂർ ജംഗ്ഷനിൽ മസ്ജിദിന് സമീപം വച്ച് ഇസ്ലാം മതവിശ്വാസികൾ സ്വീകരിച്ചു. തുടർന്ന് സെന്റ് ജോൺസ് ആശുപത്രിയുടെ മുന്നിൽ പിരപ്പൻകോട് സെന്റ് ജോൺസ് ഹോസ്പിറ്റലിന്റെയും മദർതെരേസ ദേവാലയത്തിന്റെയും ആഭിമുഖ്യത്തിൽ അണിയിച്ചൊരുക്കിയ ശ്രീകൃഷ്ണ വിഗ്രഹവും നിറപറയും നിലവിളക്കുമായി പള്ളി വികാരി ഫാദർ ജോസ് കിഴക്കേടത്തിന്റെ നേതൃത്വത്തിൽ വരവേറ്റു.
മദർ തെരേസ ദേവാലയത്തിൽ നിന്നും ഫാദർ ജോസ് കിഴക്കേടത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രദക്ഷിണത്തിന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ വച്ച് ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായ വരവേൽപ്പുനൽകി. ശ്രീകൃഷ്ണനേയും യേശുദേവനേയും ഒരേ പീഠത്തിൽ പ്രതിഷ്ഠിച്ച് നിലവിളക്കും മെഴുകുതിരികളുമായാണ് പ്രദക്ഷിണത്തെ വരവേറ്റത്.