വിതുര: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന്റെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റു. വിതുര മേമല സ്വദേശി മുരുകനെയാണ് (47) പന്നി ആക്രമിച്ചത്. വിതുര മേമല കരുങ്കാളി അമ്മദേവീ ക്ഷേത്രത്തിന് സമീപം തട്ടുകടയിൽ നിന്ന് ഇന്നലെ രാവിലെ 7.30ഓടെ ചായ കുടിച്ചുകൊണ്ടുനിൽക്കുന്നതിനിടയിലാണ് പന്നി ആക്രമിച്ചത്.

പിറകിലൂടെ എത്തിയ പന്നി മുരുകനെ ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുരുകനെ ഉടൻ വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. നേരത്തേ പുലർച്ചെ ബൈക്കിൽ ടാപ്പിംഗിന് പുറപ്പെട്ട നാല് പേർക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.