
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ തീർത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വർഗാരോപിത മാതാ ഫൊറോനാ ദൈവാലയത്തിൽ ദുഃഖവെള്ളിയാഴ്ച കർത്താവിന്റെ പീഢാസഹനാചരണവും കുരിശിന്റെ വഴിയും നടന്നു. കാഞ്ഞിരംതോട്ടം വി.സെബസ്ത്യാനോസ് കുരിശടിയിൽ നിന്ന് ആരംഭിച്ച കുരിശിന്റെ വഴിക്ക് നെയ്യാറ്റിൻകര രൂപതാ ശുശ്രൂഷാ കോഓർഡിനേറ്ററും തീർത്ഥാടന കേന്ദ്രം വികാരിയുമായ വി.പി. ജോസ് നേതൃത്വം നല്കി. ഫാ. വിക്ടർ എവിരത്തസ് മുഖ്യ വിചിന്തനം നടത്തി. കുരിശിന്റെ വഴിയിൽ ആയിരങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന കർത്താവിന്റെ പീഢാസഹന സ്മരണ ആചരണത്തിനും കുരിശ് ആരാധനയ്ക്കും വി.പി. ജോസ് മുഖ്യകാർമ്മികനായി.
നെയ്യാറ്റിൻകര അമലോത്ഭവ മാതാ ഭദ്രാസന ദൈവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ബിഷപ് വിൻസെന്റ് സാമൂവൽ നേതൃത്വം നൽകി. കുരിശിന്റെ വഴി പദയാത്ര വഴുതൂർ കർമല മാതാ ദൈവാലയത്തിൽ നിന്നാരംഭിച്ച് നെയ്യാറ്റിൻകര അമലോത്ഭവ മാതാ കത്തീഡ്രൽ ദൈവാലയത്തിൽ സമാപിച്ചു. തുടർന്ന് കുരിശാരാധനയും കുരിശു വന്ദനവും നടന്നു. ജി. ക്രിസ്തുദാസ്, ഇടവക വികാരി അൽഫോൻസ് ലിഗോറി എന്നിവർ സഹകാർമികരായിരുന്നു.