kovalam

കോവളം: തിരുവല്ലം ടി.എസ് കനാലിന് മുകളിലൂടെ ഇടയാറിൽ നിർമ്മിക്കാൻ പദ്ധതിയിട്ട പുതിയ പാലത്തിന്റെ നിർമ്മാണം വൈകുന്നു. ഇടയാർ പാലത്തിന്റെ ഇൻവെസ്​റ്റിഗേഷൻ നടപടികൾ പൂർത്തിയാക്കി വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടും വിവിധ കാരണങ്ങൾ പറഞ്ഞും, പാലത്തിന്റെ നിർമ്മാണത്തിന് സർക്കാർ ഫണ്ട് നൽകാത്തതിനാലും നിർമ്മാണം ഉപേക്ഷിച്ച അവസ്ഥയിലാണ്.

മുന്നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന ഇടയാ​റ്റിൽ 60 വർഷങ്ങൾക്ക് മുമ്പ് കടത്തുവള്ളത്തെയാണ് പ്രദേശവാസികൾ ആശ്രയിച്ചിരുന്നത്. തുടർന്ന് നാലടിയോളം വീതിയിൽ ഫുട് ഓവർ ബ്രിഡ്ജ് കോൺക്രീറ്റിൽ പണിതു. പക്ഷേ ഇരുചക്രവാഹനങ്ങൾ ഇടയാറിൽ പ്രവേശിക്കുന്നതിന് നന്നേ പാടുപെട്ടു.

2008ൽ നഗരസഭയുടെ അന്നത്തെ വാർഡ് കൗൺസിലറായിരുന്ന നെടുമം മോഹനന്റെ ശ്രമഫലമായി 78 ലക്ഷം രൂപ ചെലവിൽ ഫുഡ് ഓവർ ബ്രിഡ്ജിനെ പൊളിക്കാതെ 20 മീ​റ്റർ നീളത്തിലും പത്തടി വീതിയിലും ഇരുമ്പ് പാലം നിർമ്മിച്ചു. എന്നാൽ പാലം നിർമ്മിച്ച് 13 വർഷം കഴിഞ്ഞിട്ടും ഇടയാറുകാർക്ക് രണ്ടുവരി പാതയോടുകൂടിയ പുതിയ പാലം ഇപ്പോഴും സ്വപ്നം തന്നെ.

ഇടയാറിൽ ഇരുമ്പ് പാലം പൊളിച്ച് 20 അടി വീതിയിൽ പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് നാട്ടുകാർ നൽകിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.
പാലം നിർമ്മിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഇടയാർ നിവാസികൾ പറഞ്ഞു.

വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ല

ചരക്ക് വാഹനങ്ങളും വലിയ ലോറികളും ഇടയാറിൽ പ്രവേശിക്കാത്തതുകാരണം പലരും ഇവിടം വിട്ട് മ​റ്റു സ്ഥലങ്ങളിലേക്ക് താമസം മാറിപ്പോയി. ലോറികളിൽ എത്തുന്ന കെട്ടിട നിർമ്മാണ സാധനങ്ങൾ തിരുവല്ലം ആറ്റിന് സമീപം ഇറക്കി അവിടെനിന്ന് ചെറിയ ഗുഡ്സ് വാഹനങ്ങളിൽ കയ​റ്റിയാണ് ഇടയാറിൽ എത്തിക്കുന്നത്. അമിതഭാരമുള്ള വാഹനങ്ങൾ ഇടയാറിൽ പ്രവേശിക്കാതിരിക്കാൻ പാലത്തിന്റെ മുകളിൽ ഇരുമ്പ് കമ്പികൾ പിടിപ്പിച്ചിട്ടുണ്ട്.

ഫണ്ടില്ല

ഇടയാറിൽ പുതിയ പാലത്തിന് ബഡ്ജ​റ്റിൽ ആവശ്യത്തിനുള്ള തുകയില്ലെന്ന കാരണം പറഞ്ഞാണ് മാറിമാറി വന്ന സർക്കാരുകൾ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാത്തത്.

പദ്ധതികൾ ഫലം കണ്ടില്ല

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നേമം മണ്ഡലത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എം.എൽ.എയായിരുന്ന ഒ. രാജഗോപാലാണ് പദ്ധതിക്കായി മുന്നിട്ടിറങ്ങിയെങ്കിലും ഫലം ഉണ്ടായില്ല. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും എല്ലാ രാഷ്ട്രീയ കക്ഷികളും ഇടയാറിൽ പുതിയ പാലത്തിന് വാഗ്ദാനം ചെയ്തു പോകാറുണ്ട്. പക്ഷെ വിജയിച്ചു കഴിഞ്ഞാൽ ആരും ഇവിടെ തിരിഞ്ഞു നോക്കാറില്ലെന്ന് നാട്ടുകാരനായ ഇടയാർ നാഗേന്ദ്രൻ പറയുന്നു.