
വെള്ളറട: തെക്കൻ കുരിശുമലയിൽ 65-ാമത് മഹാ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടമായ പെസഹാ വ്യാഴാഴ്ചയും ദു:ഖ വെള്ളിയാഴ്ചയും നടന്ന തീർത്ഥാടനത്തിൽ പതിനായിരക്കണക്കിന് തീർത്ഥാടകരാണ് മലകയറാനെത്തിയത്. രാത്രിയിലും മലകയറുന്നതിനുള്ള സൗകര്യം സംഘാടകർ ഒരുക്കിയിരുന്നു. തീർത്ഥാടകരുടെ തിക്കും തിരക്കും കണക്കിലെടുത്ത് കേരള തമിഴ്നാട് പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി. ദു:ഖ വെള്ളിയാഴ്ച പുലർച്ചെ ബ്രദർ കുര്യൻ ഇടുക്കിയുടെ നേതൃത്വത്തിൽ ധ്യാനം നടന്നു. ഉച്ചയ്ക്ക് വിശുദ്ധ പത്താം പിയൂസ് ദേവാലയത്തിൽ നിന്ന് സംഗമ വേദി വരെ പാപപരിഹാര സ്ളീവാ പാത നടന്നു. തുടർന്ന് കർത്താവിന്റെ പീഡാനുസ്മരണം, കുരിശിന്റെ ആരാധന, കുരിശിന്റെ വഴി, കുരിശ് ചുംബിക്കൽ എന്നിവ നടന്നു. തുടർന്നു നടന്ന ദിവ്യബലിക്ക് തീർത്ഥാടന കേന്ദ്രം റെക്ടർ ഡോ. വിൻസെന്റ് കെ. പീറ്റർ മുഖ്യ കാർമ്മികത്വം വഹിച്ചു.