
തിരുവനന്തപുരം: സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പങ്കെടുത്തതിന് അച്ചടക്കനടപടിയുടെ നിഴലിലുള്ള പ്രൊഫ.കെ.വി. തോമസിനെ ക്ഷണിക്കാതെ കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി നാളെ (തിങ്കൾ) രാവിലെ 10.30ന് ചേരുന്നു. തോമസ് ഉൾപ്പെടെ 22 പേരാണ് സമിതിയിൽ. മറ്റെല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. (വി.എം. സുധീരൻ രാഷ്‌ട്രീയകാര്യ സമിതി അംഗത്വം നേരത്തേ ഒഴിഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ കുറേ യോഗങ്ങളിലായി പങ്കെടുക്കാറില്ല).
എ.ഐ.സി.സി അംഗമായ കെ.വി. തോമസിനെതിരെ കെ.പി.സി.സി നേതൃത്വം നൽകിയ പരാതിയിൽ എ.കെ. ആന്റണിയുടെ അച്ചടക്കസമിതി വിശദീകരണം തേടിയ സാഹചര്യത്തിലാണ് ക്ഷണിക്കാത്തതെന്നാണ് നേതൃത്വം പറയുന്നത്.
തോമസ് ഇന്ന് വിശദീകരണം നൽകും. നെഹ്റു മുതൽ രാഹുൽഗാന്ധി വരെയുള്ള നേതാക്കൾ സി.പി.എമ്മിനോട് കാട്ടിയിട്ടുള്ള രാഷ്ട്രീയസമീപനമേ താനും പുലർത്തിയിട്ടുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വികസനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചത്, വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ എ.കെ. ആന്റണി അദ്ദേഹത്തെയും വ്യവസായമന്ത്രിയായിരുന്ന എളമരം കരിമിനെയും വേദിയിലിരുത്തി പ്രശംസിച്ചതിന് സമാനമാണെന്നും തോമസ് വിശദീകരിക്കും.
കോൺഗ്രസ് അംഗത്വവിതരണം പൂർത്തിയായ സ്ഥിതിക്ക് സംഘടനാ തിരഞ്ഞെടുപ്പിന്റെ തുടർനടപടികളാകും നാളത്തെ യോഗത്തിന്റെ മുഖ്യ അജൻഡ. നാളെ വൈകിട്ട് കെ.പി.സി.സി ഭാരവാഹികളുടെ യോഗവും 19ന് സമ്പൂർണ എക്സിക്യൂട്ടീവ് യോഗവും ചേരും. കെ.വി. തോമസിന്റെ പാർട്ടിവിരുദ്ധ നിലപാടും ചർച്ച ചെയ്തേക്കും. സ്ഥാനമാനങ്ങളെല്ലാം നേടിയ ശേഷം പാർട്ടിയെ തള്ളിപ്പറയുന്നത് പൊറുപ്പിക്കാനാവില്ലെന്നാണ് പൊതുവികാരം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അജൻഡയിലില്ലെങ്കിലും അനൗപചാരിക ചർച്ച നടന്നേക്കാം.
അംഗത്വ വിതരണം 50ലക്ഷത്തിൽ എത്തില്ല
കെ.പി.സി.സി അംഗത്വവിതരണ കാലാവധി അവസാനിച്ചപ്പോൾ 12.96ലക്ഷം പേരാണ് ഡിജിറ്റൽ സംവിധാനത്തിലൂടെ അംഗത്വം നേടിയത്. കടലാസ് വഴിയുള്ള അംഗത്വവിതരണത്തിന്റെ അന്തിമ കണക്ക് ഡി.സി.സി തലങ്ങളിൽ നിന്ന് രണ്ട് ദിവസത്തിനകം എത്തിയേക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രഖ്യാപിച്ച 50ലക്ഷം എന്ന സംഖ്യയിലേക്ക് അംഗത്വം എത്തില്ലെന്നാണ് സൂചന. 24,000 ബൂത്തുകളിലേക്കായി നാല് അംഗത്വ രസീത് ബുക്കുകൾ വീതമാണ് നൽകിയത്. 30-35ലക്ഷം വരെ അംഗങ്ങളെ ചേർക്കാമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. മലപ്പുറത്താണ് ഏറ്റവുമധികം അംഗത്വം.