v

തിരുവനന്തപുരം: ടെക്നിക്കൽ തസ്തികകൾ ഒഴിച്ചുള്ള രണ്ടാം ഗസ​റ്റഡ് പോസ്റ്റായ കെ.എ.എസ് കൂടുതൽ വകുപ്പുകളിൽ ഉൾപ്പെടുത്താൻ ഉന്നതതല ചർച്ച ആരംഭിച്ചു.

നിലവിൽ 29 വകുപ്പുകളിലാണ് കെ.എ.എസുകാരുള്ളത്. ഈ വകുപ്പുകളിലെ 105 തസ്തികളിൽ ആദ്യഘട്ട നിയമനവും നടത്തിയാൽ പിന്നീട് ഒഴിവുണ്ടാവില്ല. 8-10 വർഷം കഴിഞ്ഞ് പ്രൊമോഷനുണ്ടായാലേ ഒഴിവു വരൂ. അതിനാലാണ് കൂടുതൽ വകുപ്പുകളെ ഉൾപ്പെടുത്താനാലോചിക്കുന്നത്.

സെക്രട്ടറി തലത്തിലാണ് ഇപ്പോഴത്തെ ചർച്ചകൾ. തുടർന്ന് സർവീസ് സംഘടനകളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. മദ്ധ്യനിരയിൽ മിടുക്കരായ ജീവനക്കാരെ കിട്ടാൻ എല്ലാ വകുപ്പുകളെയും കെ.എ.എസിൽ ഉൾപ്പെടുത്തണമെന്നാണ് ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. എന്നാൽ, ജീവനക്കാരുടെ പ്രൊമോഷൻ തടസപ്പെടുമെന്ന വാദമാണ് സംഘടനകൾക്ക്.

പരീക്ഷാ വി‌ജ്ഞാപനം നീളുന്നു

നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി വരുന്ന ഒക്ടോബറിൽ അവസാനിക്കും. അടുത്ത വർഷമെങ്കിലും പുതിയ ബാച്ചിന് പ്രവേശനം നൽകണമെങ്കിൽ ഉടൻ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിക്കണം. 29 വകുപ്പുകളിലെ രണ്ടാം ഗസ​റ്റഡ് തസ്തികകൾക്ക് പുറമേ ജനറൽ സർവീസിലെ ഫിനാൻഷ്യൽ അസിസ്​റ്റന്റ്, അഡ്മിനിസ്ട്രേ​റ്റീവ് ഓഫീസർ തസ്തികകളുടെ 10 ശതമാനവും ഉൾക്കൊള്ളിച്ചാണ് കെ.എ.എസിന് രൂപം നൽകിയത്.