
കാസർകോട്: പോക്സോ കേസിൽ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് തെളിവെടുപ്പിനിടെ കടലിൽ ചാടി മരിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ പട്ടികജാതി കമ്മിഷൻ ഉത്തരവിട്ടു. രണ്ടുവർഷം മുമ്പ് കുഡ്ലു പട്ടികജാതി കോളനിയിലെ മഹേഷ് (32) മരിച്ച സംഭവത്തിലാണ് പട്ടികജാതി പട്ടിക ഗോത്രവർഗകമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. മഹേഷിന്റെ വൃദ്ധരായ മാതാപിതാക്കൾ ആരും തുണയില്ലാതെ അനാഥത്വത്തിലും ദാരിദ്ര്യത്തിലും കഴിയുന്നതിനാൽ സാമ്പത്തിക സഹായമായി 10 ലക്ഷം രൂപ സർക്കാർ അനുവദിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് മഹേഷിന്റെ സഹോദരി കുഡ്ലു കളിയങ്ങാട്ടെ ചന്ദ്രാവതി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ പൊലീസ് മേധാവി എന്നിവരെ എതിർകക്ഷികളാക്കി പട്ടികജാതി കമ്മിഷന് പരാതി നൽകിയിരുന്നു. പോക്സോ കേസിൽ അറസ്റ്റിലായ മഹേഷ് പൊലീസ് കസ്റ്റഡിയിലിരിക്കെ കടലിൽ ചാടിയെന്നും യുവാവിനെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിച്ചില്ലെന്നും മഹേഷ് മരിച്ചത് പൊലീസിന്റെ അനാസ്ഥ കാരണമാണെന്നുമാണ് പരാതിയിൽ പറയുന്നത്.
മഹേഷിനെ കൈയാമം വെച്ച് തെളിവെടുപ്പിനായി കാസർകോട് നെല്ലിക്കുന്നിലെ പുലിമുട്ടിൽ കൊണ്ടുപോയ സമയത്താണ് യുവാവ് കടലിൽ ചാടിയത്. ടൗൺ ഇൻസ്പെക്ടർ രാജേഷ്, എസ്.ഐ യു.പി വിപിൻ, ജൂനിയർ സബ് ഇൻസ്പെക്ടർ രൂപ മധുസൂദനൻ, ഗ്രേഡ് എ.എസ്.ഐ കെ. വി സുമേഷ് രാജ് എന്നീ പൊലീസ് ഉദ്യോഗസ്ഥർ മഹേഷിനെ കസ്റ്റഡിയിലെടുത്ത് പാർപ്പിച്ചതിലും തെളിവെടുപ്പിന് കൊണ്ടുപോയതിലും ഗുരുതരമായ ജാഗ്രതക്കുറവ് കാണിച്ചതായി കമ്മിഷന്റെ ഉത്തരവിൽ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ കമ്മിഷൻ ജില്ലാ പൊലീസ് മേധാവിക്ക് കമ്മിഷൻ നിർദ്ദേശം നൽകി.