
തൃശൂർ: ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ ലക്ഷം രൂപ കവർന്ന സ്ത്രീ അറസ്റ്റിൽ. കുന്നത്തങ്ങാടി ചാലക്കൽ വീട്ടിൽ ജലജയെയാണ് (53) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അരിമ്പൂർ ചിറ്റപ്പത്ത് ആശയുടെ പണമാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച ഒളരി ക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം.
ലക്ഷം രൂപ അടങ്ങിയ ബാഗ് ക്ഷേത്രം നടപ്പുരയിലെ തൂണിനടുത്ത് വെച്ചശേഷം ക്ഷേത്രത്തിനുള്ളിലേക്ക് പോകുകയായിരുന്നു. സി.സി.ടി.വി. പരിശോധിച്ചപ്പോൾ മറ്റൊരു സ്ത്രീ ബാഗ് എടുത്ത് പരിശോധിക്കുന്നതും അതിൽ നിന്നും കവർ എടുക്കുകയും ചെയ്തതിന്റെ ദൃശ്യം ലഭിച്ചു. പരാതിക്കാരിക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് ഇവരെ പരിചയമുണ്ടായിരുന്നു. ഇവർ നൽകിയ വിവരമനുസരിച്ചാണ് പൊലീസ് പണം മോഷ്ടിച്ച ജലജയുടെ വീട് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച പണത്തിൽ 1500 രൂപ മെഡിക്കൽ കോളേജിലേക്ക് പോകാനും മറ്റുമായി ചെലവാക്കിയെന്നും ബാക്കി തുക വീട്ടിലെ വിറകുപുരയിൽ വിറകുകൾക്കിടയിൽ ഒളിപ്പിച്ചിരിക്കുകയാണെന്നും മൊഴിനൽകി. തുടർന്ന് പൊലീസ് പണം കണ്ടെത്തി. എസ്.ഐ സി.ബൈജു, സീനിയർ സി.പി.ഒമാരായ കെ.എൻ.പ്രിയ, ഇ.സി.സുധീർ, സി.പി.ഒ അഭീഷ് ആന്റണി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.