തിരുവനന്തപുരം: സിംഹവാലൻ കുരങ്ങിന് പിന്നാലെ തിരുവനന്തപുരം മൃഗശാലയിലെ പുള്ളിമാനും ചത്തു. വെള്ളിയാഴ്ച ചത്ത പുള്ളിമാന്റെ പോസ്റ്റ്മോർട്ടം, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ് (ഡോക്ടറുടെ സഹായി) നടത്തിയതെന്ന ആരോപണമുയർന്നത് വിവാദത്തിനിടയാക്കി.

ദുഃഖവെള്ളിയായതിനാൽ ഡോക്ടർ അവധിയായിരുന്നുവെന്നും ഇതാണ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പോസ്റ്റ്മോർട്ടം നടത്തേണ്ട സാഹചര്യമുണ്ടായതെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ മൃഗശാലയിലെ വെറ്ററിനറി ഡോക്ടറുടെ അഭാവത്തിൽ പുറത്ത് നിന്നുള്ള ഡോക്ടറെ എത്തിച്ചാണ് സാധാരണ പോസ്റ്റ്മോർ‌ട്ടം നടത്തുന്നത്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്ക് പോസ്റ്റ്മോർട്ടം നടത്താനുള്ള അനുമതിയോ അനുവാദമോ ഇല്ലെന്നാണ് വിവരം.

ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും അന്വേഷണം നടത്തണമെന്നുമാണ് ഒരു വിഭാഗം ജീവനക്കാരുടെ ആവശ്യം. 12നാണ് മൃഗശാലയിലെ കിങ്ങിണിയെന്ന സിംഹവാലൻ കുരങ്ങ് ചത്തത്. വയറിൽ കാൻസർ ബാധിച്ചാണ് പ്രായാധിക്യമേറിയ സിംഹവാലൻ കുരങ്ങ് മരിച്ചതെന്ന് മൃഗശാല ഡോക്ടർ വ്യക്തമാക്കിയിരുന്നെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തെത്തിയിട്ടില്ല. അതിന് പിന്നാലെയാണ് പുതിയ വിവാദം.