
കിളിമാനൂർ: കാടിറങ്ങിയ മയിലുകൾ നാട്ടിൻപുറങ്ങൾക്കു കൗതുകമാകുന്നു. വനപ്രദേശങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന മയിലുകൾ കൂട്ടമായാണ് ഇപ്പോൾ നാട്ടിൻ പുറങ്ങളിൽ വിലസുന്നത്. കഴിഞ്ഞ ദിവസം നഗരൂർ മാടപ്പാട് മലവിളയിൽ കൂട്ടത്തോടെയെത്തിയ മയിലുകൾ നാട്ടുകാരിൽ കൗതുകമുണർത്തി. മാസങ്ങളോളമായി നഗരൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മയിലുകൾ എത്താറുണ്ട്. മയിലുകളുടെ എണ്ണം കൂടിയതോടെ കാർഷിക വിളകളും ഇവ നശിപ്പിക്കാറുണ്ട്. വരണ്ട പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന പക്ഷിയാണ് മയിൽ. കേരളത്തിലെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇവ നാട്ടിൻ പുറങ്ങളിൽ എത്താൻ കാരണം. നന്നായി മഴലഭിച്ചതിനാൽ ഇക്കുറി വേനൽ കഠിനമാവില്ലെങ്കിലും മയിലിന്റെ വരവ് ഭാവിയിലെ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണന്നും ഗവേഷകർ പറയുന്നു. പുളിമാത്ത്,പഴയകുന്നുമ്മേൽ,കിളിമാനൂർ , നഗരൂർ തുടങ്ങിയ ഗ്രമപഞ്ചായത്ത് മേഖലകളിൽ മയിൽ വ്യാപകമാണ്.കൃഷിയില്ലാതെ കിടക്കുന്ന ഭൂമിയിൽ കാടു കയറിയതോടെ ഇവിടങ്ങളിൽ മയിലുകളുടെ വിഹാരകേന്ദ്രമായി മാറി.