കല്ലമ്പലം: കൃഷിഭവൻ, യുവ കർഷകരുടെ വാട്സ്ആപ്പ് കൂട്ടായ്മ എന്നിവയുടെ നേത‍ൃത്വത്തിൽ മടവൂരിൽ വിത്ത് ഭരണി എന്ന നൂതന സംരംഭത്തിന് തുടക്കമായി. കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരിക്കുന്ന ഭരണിയിലേക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ കർഷകർക്കും വിത്തുകൾ നിക്ഷേപിക്കാം. ഇതിൽ നിക്ഷേപിക്കുന്ന വിത്തുകൾ സൗജന്യമായി കൃഷിക്ക് വേണ്ടി എടുക്കാനാകും. അവർ കൃഷി ചെയ്യുന്നതിനൊപ്പം പിന്നീട് മറ്റുള്ളവർക്കുവേണ്ടി ഇതിൽ വിത്ത് നിക്ഷേപിക്കുകയും വേണം. കാർഷിക കൂട്ടായ്മയുടെ തനി നാടൻ ജൈവ കാർഷിക വിപണിക്കും തുടക്കമായി. എല്ലാ ‍ഞായറാഴ്ചയും കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ കാർഷിക വിപണി സംഘടിപ്പിക്കും. കാർഷിക വിപണിയുടെ ഉദ്​ഘാടനം കേരള ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിലും വിത്ത് ഭരണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാറും നിർവഹിച്ചു. പഞ്ചായത്തം​ഗം എം.എസ്. റാഫി അദ്ധ്യക്ഷനായി. ശ്രീനാഥ് സ്വാ​ഗതവും സജിത്ത് നന്ദിയും പറഞ്ഞു. സിമി, ചന്ദ്രലേഖ, ഹർഷകുമാർ, അഫ്സൽ, മോഹൻദാസ്, സന്തോഷ് കുമാർ, റസിയ, ഹസീന തുടങ്ങിയവർ പങ്കെടുത്തു.