p

തിരുവനന്തപുരം: ഹൈസ്കൂൾ- യു.പി അദ്ധ്യാപകരിൽ നിന്ന് ജൂനിയർ ഹയർ സെക്കൻഡ‌റി വിഭാഗത്തിലേക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ച് ഒരു കൊല്ലം പിന്നിട്ടിട്ടും ഇതുവരെ തുടർ നടപടിയാകാത്തതിൽ അദ്ധ്യാപകർക്ക് പ്രതിഷേധം. 2016 മുതൽ 2020 ഡിസംബർ 28 വരെയുള്ള 539 ഒഴിവിലേക്ക് 2021 ഫെബ്രുവരിയിലാണ് അപേക്ഷ ക്ഷണിച്ചത്. 25 ശതമാനം തസ്തിക മാറ്റം വഴിയാകണമെന്നാണ് ചട്ടം. നിലവിൽ താത്കാലികക്കാരാണ് ഈ തസ്തികയിലുള്ളത്.

അതേസമയം, അപേക്ഷ ക്ഷണിച്ചപ്പോൾ ഡിസംബർ 31 കണക്കാക്കാതെ 28 എന്ന തീയതി വച്ചതിനാൽ, ചില ഒഴിവുകൾ അതിൽ ഉൾപ്പെടാതെ പോയെന്ന ആക്ഷേപവുമുണ്ട്. ഒന്നുകിൽ മാസം അവസാനത്തെ തീയതി വയ്ക്കണം അല്ലെങ്കിൽ അക്കാഡമിക് വർഷത്തിന് അവസാനമായ മാർച്ച് 31 എന്നതാവണം. എന്നാൽ, വിദ്യാഭ്യാസ സബ്ജക്ട് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി എന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഓഫീസ് പറയുന്നത്.

'' ഫയൽ പഠിച്ച ശേഷം പ്രശ്നം പരിഹരിക്കാനുള്ള നടപടിയെടുക്കും''.

-മുഹമ്മദ് ഹനീഷ്,

പൊതുവിദ്യാഭ്യാസ സെക്രട്ടറി