photo1

പാലോട്: കേരളത്തിലെ കലാസാംസ്‌കാരിക മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയത് കേരളകൗമുദിയാണെന്നും 40 വർഷമായി കേരളകൗമുദി കുടുംബവുമായുള്ളത് അഭേദ്യമായ ബന്ധമാണെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

കേരളകൗമുദിയും കൗമുദി ടിവിയും സംയുക്തമായി സംഘടിപ്പിച്ച ജ്യോതിർഗമയ മ്യൂസിക് ഫെസ്റ്റ് 2022ന്റെ വിജയി പ്രഖ്യാപനവും സമ്മാനദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷനായി. സംവിധായകൻ മനോജ് പാലോടൻ വിജയികളെ പ്രഖ്യാപിച്ചു.

ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി ഗൗരി കൃഷ്ണ (സായി കൃപ, മരുതത്തൂർ വട്ടപ്പാറ) ഒന്നാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ നെടുമങ്ങാട് ഗവ. കോളേജ് വിദ്യാർത്ഥി ഗൗരി ജെ.എസ് (മുത്തുച്ചിപ്പി, ആശാരിമൂല, വെള്ളനാട്) ഒന്നാം സ്ഥാനവും, സേലം പവായ് കോളേജ് ഒഫ് അലൈയ്ഡ് ഹെൽത്ത് സയൻസ് ബി.എസ്‌സി സി.പി.പി.ടി വിദ്യാർത്ഥി സൂരജ് (ശ്രീരാഗം, പച്ച, നന്ദിയോട് ) രണ്ടാം സ്ഥാനവും നേടി. മൂന്നുഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും ഉപഹാരം നൽകി.

നന്ദിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ, മെമ്പർ ഗീതാ പ്രിജി, വൃന്ദാവനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അജീഷ് വൃന്ദാവനം, പിന്നണി ഗായകൻ സ്വരസാഗർ, കൗമുദി ടിവി പ്രോഗ്രാം ഹെഡ് റാംജി കൃഷ്ണൻ, പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ, കേരളകൗമുദി ഏരിയാസർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി, ബിനോയ് വിശ്വം (അസി.മാനേജർ, അഡ്വർട്ടൈസ്‌മെ‌ന്റ്), രാഹുൽ, സാംബശിവൻ എന്നിവർ പങ്കെടുത്തു. ജ്യോതിർഗമയ കൗമുദി ടിവി സംപ്രേക്ഷണം ചെയ്യും.