
വർക്കല: വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിറുത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡ് നിയന്ത്രണത്തെ തുടർന്ന് ഗുരുവായൂർ - ചെന്നൈ എഗ്‌മോർ എക്സ്‌പ്രസിന്റെയും, മംഗലാപുരം തിരുവനന്തപുരം എക്സ്‌പ്രസിന്റെയും സ്റ്റോപ്പാണ് നിറുത്തലാക്കിയത്. എന്നാൽ ചെന്നൈ എഗ്‌മോറിൽ നിന്ന് ഗുരുവായൂരിലേക്കും, തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കുമുള്ള ട്രെയിനുകൾക്ക് വർക്കലയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുമുണ്ട്. രണ്ട് ട്രെയിനുകൾക്കും വടക്കുഭാഗത്തേക്ക് പോകുമ്പോൾ വർക്കലയിൽ സ്റ്റോപ്പുള്ളപ്പോൾ തിരികെ തെക്ക് ഭാഗത്തേക്ക് വരുമ്പോൾ സ്റ്റോപ്പില്ലെന്ന വിചിത്രമായ തീരുമാനമാണ് റെയിൽവേ സ്വീകരിച്ചിട്ടുള്ളത്.
ഒരു ഭാഗത്തേക്ക് മാത്രമാണ് സ്റ്റോപ്പുള്ളതെന്ന് അറിയാതെ ഈ ട്രെയിനുകൾ പ്രതീക്ഷിക്കുന്ന യാത്രക്കാർ ഒടുവിൽ മറ്റു സ്ഥലങ്ങളിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടിവരുന്നു.
ചെറുകിട വ്യാപാരികൾ പലരും പുലർച്ചെ തിരുവനന്തപുരത്ത് ചാലയിലും മറ്റും പോയി കടയിലേക്കുള്ള സാധനസാമഗ്രികൾ വാങ്ങി തിരികെ പരശുറാം എക്സ്‌പ്രസിൽ വരുന്ന പതിവുണ്ടായിരുന്നു. ഇരു ട്രെയിനുകൾക്കും സ്റ്റോപ്പില്ലാതായതോടെ അതും നിലച്ചു. കൂടാതെ 11 പാസഞ്ചർ ട്രെയിനുകൾ ഓടിക്കൊണ്ടിരിക്കുന്ന സ്ഥാനത്ത് അവ അഞ്ചായി കുറഞ്ഞു. വിനോദസഞ്ചാര - തീർത്ഥാടന കേന്ദ്രമായ വർക്കലയിൽ മുൻപ് നിറുത്തിയിരുന്ന ട്രെയിനുകൾക്കെല്ലാം സ്റ്റോപ്പ് തിരികെ ലഭിച്ചപ്പോഴാണ് രണ്ടു ട്രെയിനുകളെ മാത്രം ഒഴിവാക്കിയത്. ഇതിൽ യാത്രക്കാർക്ക് വലിയ പ്രതിഷേധമുണ്ട്.
യാത്രക്കാർ ഗതികേടിൽ
ഇരു ട്രെയിനുകളും പുലർച്ചെയാണ് വർക്കല വഴി കടന്നുപോകുന്നത്. ചെന്നൈ എഗ്‌മോർ എക്സ്‌പ്രസിന് കൊല്ലത്തിനും തിരുവനന്തപുരത്തിനുമിടയിൽ ഒരു സ്റ്റോപ്പുമില്ല. മംഗലാപുരം - തിരുവനന്തപുരം എക്സ്‌പ്രസിന് കൊല്ലം കഴിഞ്ഞാൽ ചിറയിൻകീഴാണ് സ്റ്റോപ്പ്. വർക്കലയിൽ ഇറങ്ങാനുള്ള യാത്രക്കാർ അസമയത്ത് തിരുവനന്തപുരത്തും ചിറയിൻകീഴും ഇറങ്ങി വർക്കലയിലെത്താൻ മറ്റു യാത്രാമാർഗം തേടേണ്ടിവരുന്നു.
ഇരു ട്രെയിനുകൾക്കും സ്റ്റോപ്പില്ലാത്തതിനാൽ ഗുരുവായൂരിൽ നിന്ന് വരുന്ന യാത്രക്കാരും തമിഴ്നാട്ടിലേക്കു പോകുന്ന യാത്രക്കാരും വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്.
നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല
രണ്ട് ട്രെയിനുകളുടെയും സ്റ്റോപ്പ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ, പാസഞ്ചേഴ്സ് അസോസിയേഷൻ, വിവിധസംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, ജനറൽ മാനേജർ, ഡിവിഷണൽ റെയിൽവേ മാനേജർ, എം.പി തുടങ്ങിയവർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല.