1

തിരുവനന്തപുരം: മാമ്പഴ പ്രേമികളുടെ മനം കവർന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടന്ന തേൻ - മാമ്പഴോത്സവം സമാപിച്ചു. നാടൻ വരിക്ക, മല്ലിക, അൽഫോൺസ, പഞ്ചവർണ്ണ, സിന്ദൂരം, ഹിമാപസന്ത്, പിയൂർ, കോട്ടൂർകോണം, ചക്കരക്കുട്ടി, സ്വർണലത, മൽഗോവ, നീലം, കാലാപാടി, പുളിശേരി മാമ്പഴം, താളി, മുവാണ്ടൻ, കർപ്പൂരം എന്നിങ്ങനെ അമ്പതിലധികം മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവും വില്പനയുമാണ് മാമ്പഴോത്സവം ലക്ഷ്യമിട്ടത്. കാണികൾക്കായി മാമ്പഴം കൊണ്ടുള്ള പായസം, ഹൽവ, ജിലേബി, ബജി, ഐസ്‌ക്രീം,​ പപ്പടം തുടങ്ങിയ വ്യത്യസ്ത വിഭവങ്ങളും ഒരുക്കിയിരുന്നു. ഉത്പാദനശേഷി കൂടിയ വിവിധയിനം ഒട്ടുമാവിൻ തൈകളുടെയും, രണ്ടുവർഷം കൊണ്ട് കായ്ക്കുന്ന മാവിൻ തൈകളുടെയും പ്രദർശനവും വിപണനവും മേളയിലുണ്ടായിരുന്നു. നാടൻതേൻ, പച്ചതേൻ, കാട്ടുതേൻ, മുരിങ്ങപ്പൂ തേൻ, ചെറുതേൻ, അടതേൻ എന്നിവയുൾപ്പെടെയുള്ള തേൻ ഇനങ്ങളും,​ തേനിൽ കുതിർത്ത നെല്ലിക്ക, ഇഞ്ചി, വെളുത്തുള്ളി,​ തേൻ മെഴുക് തുടങ്ങിയവയുൾപ്പെടെ പ്രദർശിപ്പിക്കുന്ന 50 ഓളം സ്റ്റാളുകളാണ് മേളയിൽ ഉണ്ടായിരുന്നത്. ട്രാവൻകൂർ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെയും (സിസ്സ) വിവിധ കാർഷിക സംഘടനകളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. സന്ദർശകരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത വ്യക്തിക്ക് 100 കിലോ മാമ്പഴവും 'ചാമ്പിക്കോ മാമ്പഴം" എന്ന പേരിൽ നടത്തിയ സെൽഫി മത്സരത്തിലെ വിജയികൾക്ക് 5 കിലോ മാമ്പഴവും സമ്മാനമായി നൽകി.