തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ മെല്ലെപോക്കിനെതിരെ മന്ത്രി ആന്റണി രാജു. പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഓഫീസായ പി.ബി.സി.എ ഭവന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ വിമർശനം. നഗരത്തിലെ മിക്കയിടങ്ങളിലും റോഡുകൾ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത് ജനത്തെ ദുരിതലാക്കുകയാണ്. കരാറുകരുടെയും കോൺട്രാക്ടർമാരുടെയും ഉത്തരവാദിത്വമില്ലായ്മയാണ് ഇതിന് കാരണം. നഗരത്തിലെ 64 റോഡുകൾ സ‌്മാർട്ട് റോഡുകളാക്കാൻ വെട്ടിപ്പൊളിച്ചിട്ടിട്ട് കാലങ്ങളായി. ആഗസ്റ്റിൽ പദ്ധതിയുടെ കാലാവധി പൂർത്തിയാവാനിരിക്കെ 15 റോഡിന്റെ പണികൾ പോലും പൂർത്തിയായിട്ടില്ല. ചില കരാറുകാർ കുറുക്കുവഴിയിലൂടെ സാമ്പത്തിക ലാഭം ലക്ഷ്യമിടുന്നു. സ്മാർട്ട് സിറ്റിയുടെ മെല്ലപ്പോക്ക് അതിന് ഉദാഹരണമാണ്. ചർച്ചകൾ പലത് വിളിച്ചിട്ടും ഫലമില്ലാതായെന്നും മന്ത്രി പറഞ്ഞു. പി.ബി.സി.എ സംസ്ഥാന പ്രസിഡന്റ് സി.കെ. വേലായുധൻ അദ്ധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി ടി. കൃഷ്ണൻ, ജനറൽ സെക്രട്ടറി കെ. പ്രദീപൻ, ട്രഷറർ എം.എസ്. ഷാജി, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവർ പങ്കെടുത്തു.