ksrtc

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ മാറിയിട്ടും പഴയ പോലെ സർവീസുകൾ നടത്താത്തതാണ് ശമ്പളത്തിന് പോലും സർക്കാരിനു മുന്നിൽ കൈനീട്ടേണ്ട ഗതികേടിലേക്ക് കെ. എസ്. ആർ.ടി. സിയെ എത്തിച്ചത്.

കൊവിഡ് കാരണം സർവീസ് കുറച്ചപ്പോൾ ഡിപ്പോകളിൽ ഒതുക്കിയിട്ട 2800 ബസുകളിൽ മിക്കവയും തുരുമ്പിച്ച് നശിച്ചു. സമയത്ത് മെയിന്റനൻസ് നടത്താത്തതിനാലാണ് ബസുകൾ നശിച്ചത്. ഇവ നന്നാക്കാത്തതിനാൽ സർവീസുകൾ വെട്ടിക്കുറച്ചു. റൂട്ടുകളിൽ ആവശ്യത്തിന് വണ്ടികൾ ഓടാതായി. അതോടെ വരുമാനം ഇടിഞ്ഞു. ഓർഡിനറി ബസുകൾ കൂടുതൽ വരുമാനം നേടിയിരുന്ന തീരദേശ, മലയോര ഗ്രാമങ്ങളിലെ സർവീസുകളാണ് ഏറെയും വെട്ടിക്കുറച്ചത്.

ഡിപ്പോകളിൽ ബസുകൾ നശിക്കുന്നത് കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്‌തിരു ന്നു.

കണക്ക് പറയണം

കൊവിഡിനു മുമ്പ് 6479 ബസുകളും 5300 ഷെഡ്യൂളുകളും

ഇപ്പോൾ 3400 ബസുകൾ. മുമ്പത്തേതിന്റെ 64.15% മാത്രം.

ദിവസ കളക്‌ഷൻ 5.50കോടി രൂപ.

1600ബസുകൾ കൂടി ഓടിച്ച് 5000 സർവീസാക്കിയാൽ 2.58 കോടി അധികം.

ദിവസ കളക്‌ഷൻ 7.50 - 8 കോടി ആയേനെ.

ദിവസം രണ്ട് കോടി അധികം കിട്ടിയാൽ പോലും ഒരു മാസം 60 കോടി അധിക വരുമാനം

ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കാൻ അത് മതിയായിരുന്നു.

ടിക്കറ്റ് ചാർജ് കുറഞ്ഞ കാലത്തും 7 കോടി കളക്‌ഷൻ ലഭിച്ചിട്ടുണ്ട്.

വെട്ടിക്കുറച്ച സർവീസുകൾ (സാമ്പിൾ)

ഡിപ്പോ---------- മുമ്പ്--------- ഇപ്പോൾ

നെയ്യാറ്റിൻകര--- 107------------ 58

കാട്ടാക്കട-------- 78--------------- 48

വെള്ളറട--------- 54---------- 28

പത്തനംതിട്ട------ 73--------- 50

കോന്നി-------------- 17------------ 9

ഗുരുവായൂർ ------ 56----------- 28

പാളിയ പരീക്ഷണം;നഷ്ടം 7 കോടി

തിരുവനന്തപുരം നഗരത്തിൽ ഡിസംബറിൽ ആരംഭിച്ച സിറ്റിസർക്കുലർ യാത്രക്കാർ കൈയ്യൊഴിഞ്ഞതോടെ ഇതുവരെയുള്ള നഷ്ടം 7.03 കോടിയാണ്. ഗ്രാമങ്ങളിലുൾപ്പെടെ യാത്രക്കാർ സ്റ്റോപ്പുകളിൽ കാത്ത് നിന്നു വലയുമ്പോഴാണ് രണ്ടു മൂന്നും യാത്രക്കാരുമായി 66 സിറ്റി സർക്കുലർ ബസുകളോടുന്നത്. മറ്റ് വരുമാനം ഉന്നമിട്ട ഷോപ്പ് ഓൺ വീൽ, ടൂറിസം പദ്ധതികളൊന്നും ഫലിച്ചില്ല. ഡീസൽ എൻജിൻ മാറ്റി സി. എൻ. ജി ആക്കുമെന്ന പ്രഖ്യാപനവും എങ്ങും എത്തിയില്ല.

ബസ് ഒന്നിന് ശരാശരി വരവ് 3,099 രൂപ

ലാഭത്തിലോടാൻ വേണ്ടത് 15,000 രൂപ

നഷ്ടം 11,901 രൂപ

പ്രതിസന്ധി തുടരും

ശമ്പളം നൽകിയാലും സർവീസുകൾ കാര്യക്ഷമമാക്കിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. സ്വിഫ്റ്റ് സർവീസുകൾ വ്യാപകമാക്കുമ്പോൾ ദീർഘദൂര സർവീസുൾ കുറയും. വരുമാനം പിന്നെയും കുറയും.