swami-sachidananda

ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ ഭൂലോകത്തിലെ കല്പവൃക്ഷമാണെന്ന മഹാകവി കുമാരനാശാന്റെ കല്പന അർത്ഥപൂർണമാണെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശാരദാപ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടക്കുന്ന ധർമ്മമീമാംസാ പരിഷത്തിന്റെ രണ്ടാം ദിവസം കുമാരനാശാൻ എഴുതിയ ഗുരുപാദദശകത്തെ ആസ്പദമാക്കി പഠനക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.

ഗുരുദേവന്റെ മഹാസമാധിക്കും 4 വർഷം മുമ്പ് ആശാൻ പല്ലനയിൽ പരിനിർവാണം പ്രാപിച്ചതിനാൽ ഗുരുദേവനെക്കുറിച്ച് കൂടുതലായി എഴുതാൻ അദ്ദേഹത്തിന് സാധിച്ചില്ലെങ്കിലും എഴുതിയതെല്ലാം

തനിതങ്കമാണ്.

ഈ മന്നും ചരാചരവും പഞ്ചഭൂതങ്ങളും സൃഷ്ടിച്ച് രക്ഷിച്ചമരുന്ന മഹാചൈതന്യമായ ഗുരോ അങ്ങയെ പണ്ഡിതന്മാർ പോലും അറിയുന്നില്ല. പിന്നെ പാമരന്മാർ എങ്ങനെ അറിയും എന്നാണ് ഗുരുവിന്റെ ജയന്തിദിനത്തിൽ ആശാൻ എഴുതിയത്. ഗുരുവിന്റെ ഷഷ്ഠിപൂർത്തിക്ക് ആശാൻ എഴുതിയ ഗുരുസ്തവം ശ്രീനാരായണ ഭവനങ്ങളിലെ നിത്യപ്രാർത്ഥനയായത് പോലെ ഗുരുപാദദശകവും മാറണം. ഭൂലോകത്തിലെ കല്പവൃക്ഷമാണ് ഗുരുദേവൻ. അതിനാൽ അവിടുന്ന് തുല്യം വെടിഞ്ഞ ഗുരുവാണെന്ന് ആശാൻ എഴുതി.

ഭക്തിയും മുക്തിയും ഗുരുവിന്റെ തൃപ്പാദങ്ങളിൽ കുടികൊള്ളുന്നു. ശ്രീരാമകൃഷ്ണ പരമഹംസൻ കരസ്പർശം കൊണ്ട് വിവേകാനന്ദന് ഈശ്വരാനുഭൂതി നൽകിയതുപോലെ ഗുരുദേവന്റെ കരസ്പർശംകൊണ്ട് താനും ഈശ്വരാനുഭൂതിയെ പ്രദാനം ചെയ്തു എന്ന് നിജാനന്ദവിലാസം എന്ന കൃതിയിൽ ആശാൻ പറയുന്നുണ്ട്. ഏറ്റവും മഹത്തായ ബന്ധം ഗുരുശിഷ്യബന്ധമാണെന്നും അതിനുത്തമമായ ഉദാഹരണം ഗുരുദേവനും കുമാരനാശാനും തമ്മിലുണ്ടായ ഗുരുശിഷ്യ പാരസ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് നടന്ന പഠനക്ലാസുകൾ പി.കെ.ജയൻ എറണാകുളം (ജാതിനിർണ്ണയം), സ്വാമി ഗുരുപ്രസാദ് (ബ്രഹ്മപഞ്ചകം), ഡോ.ഗീതാസുരാജ് (ഗുരുദേവന്റെ ഹോമമന്ത്റം), സ്വാമി ഗുരുപ്രകാശം (ഈശ്വരാരാധന ഗുരുദേവ സങ്കല്പത്തിൽ), സ്വാമി ഋതംഭരാനന്ദ എന്നിവർ നയിച്ചു.