തി​രുവനന്തപുരം: യേശു ക്രിസ്തുവിന്റെ ഉയർത്തെഴുന്നേല്പിന്റെ സ്‌മരണ പുതുക്കി ക്രൈസ്‌തവർ ഈസ്റ്റർ ആഘോഷിച്ചു. നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ഈസ്റ്റർ ദിനത്തിൽ നൂറ് കണക്കിന് വിശ്വാസികളാണ് പള്ളി​കളിലെത്തി​യത്. 50 ദിവസം നീണ്ട നോമ്പിനും ഓശാന ഞായർ മുതൽ തുടങ്ങിയ വിശുദ്ധ വാരത്തിനും ഈസ്റ്ററോടെ പരിസമാപ്തിയായി​.

വിവിധ ക്രൈസ്‌തവ ദേവാലയങ്ങളിൽ ഉയി​ർത്തെഴുന്നേല്പ് പ്രാർത്ഥനകൾ നടന്നു. പട്ടം സെന്റ് മേരീസ് കത്തിഡ്രലിലും പാളയം സെന്റ് ജോസഫ് കത്തീഡ്രലിലും പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്കാ സഭാ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമി​കത്വത്തി​ലാണ് ഈസ്റ്റർ ശുശ്രൂഷകൾ നടന്നത്.

പാളയം സെന്റ് ജോസഫ്സ് മെട്രോപൊളി​റ്റൻ കത്തീഡ്രലി​ൽ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പ്രാർത്ഥനാ ചടങ്ങുകൾ. പി​.എം.ജി​ ലൂർദ് ഫൊറോന പള്ളി​യി​ലും വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തി​ലും പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് സി​റി​യൻ കത്തീഡ്രലി​ലും പാളയം സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചി​ലും ന‌ടന്ന ഉയി​ർത്തെഴുന്നേല്പ് പ്രാർത്ഥനകളി​ൽ നിരവധി വി​ശ്വാസി​കൾ പങ്കെടുത്തു.