
ബാബു ആന്റണിയുടെ ആക്ഷൻ സിനിമകളിൽ മുൻപന്തിയിൽ ഇടം പിടിച്ച ചന്ത എന്ന ചിത്രത്തിന് രണ്ടാംഭാഗം. ചന്തയുടെ സംവിധായകനായ സുനിൽ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.സുൽത്താൻ വീണ്ടും വരുന്നെന്നും സുനിലുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയെന്നും ബാബു ആന്റണി സമൂഹ മാധ്യമത്തിൽ കുറിച്ചു. സുനിലിന് ഒപ്പമുള്ള ചിത്രവും താരം പങ്കുവച്ചു. 1995 ൽ പുറത്തിറങ്ങിയ ചന്തയിൽ സുൽത്താൻ എന്ന കഥാപാത്രമായി ബാബു ആന്റണി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. റോബിൻ തിരുമലയുടെ രചനയിൽ ഒരുങ്ങിയ ചന്തയിൽ മോഹിനി ആയിരുന്നു നായിക. തിലകൻ, നരേന്ദ്ര പ്രസാദ്, സത്താർ, അഗസ്റ്റിൻ, ലാലു അലക്സ്, ബേബി അമ്പിളി എന്നിവരായിരുന്നു മറ്റു പ്രധാന താരങ്ങൾ. എം. ജയചന്ദ്രൻ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച ചിത്രം കൂടിയായിരുന്നു ചന്ത. സുനിൽ സംവിധാനം ചെയ്ത ഗാന്ധാരി, ഭരണകൂടം, എന്നീ ചിത്രങ്ങളിലും ബാബു ആന്റണി ആണ് നായക വേഷം അവതരിപ്പിച്ചത്.