
വർക്കല: വർക്കല റോട്ടറി ക്ലബും ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയും സംയുക്തമായി നടത്തിയ മെഗാമെഡിക്കൽ ക്യാമ്പ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്‌തു. റോട്ടറി ഡിസ്ട്രിക് വൈസ് ഗവർണർ ശ്രീറിഷ് കേശവൻ, ക്ലബ് പ്രസിഡന്റ് അഡ്വ. സജിചന്ദ്രലാൽ, സജി. വി.വി, അജയ്. എ, വി. പ്രമോദ് കുമാർ, എസ്. ഷിബു തുടങ്ങിയവർ സംസാരിച്ചു. ഓഫ്‌ത്താൽമോളജി, ഓർത്തോപീഡിക്, ജനറൽ മെഡിസിൻ, ഇ.എൻ.ടി, ദന്ത വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. ക്യാമ്പിലെത്തിയവർക്ക് മരുന്നുകൾ സൗജന്യമായി നൽകി. ശസ്ത്രക്രിയകൾക്കും മറ്റു പരിശോധനകൾക്കും 30 ശതമാനവും കണ്ണടകൾക്ക് 40 ശതമാനവും ഡിസ്‌കൗണ്ട് നൽകിയതായി ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ പറഞ്ഞു.