apakadathilpetta-lorri

കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തെട്ടാം മൈലിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് മിന്നൽ ബസും, പെരുമ്പാവൂരേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 1.30ഓടെ ആയിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് എതിർ ദിശയിൽ വന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ബസ് ഡ്രൈവർ കോട്ടയം സ്വദേശി ഷനോജ് (46), കണ്ടക്ടർ അഞ്ചൽ സ്വദേശി അനൂപ് (40), തമിഴ്നാട് സ്വദേശികളായ പുഷ്പശോഭിനി (48), വിത്സൺ (52), ഗോപാലൻ (50), ചെങ്കൽപ്പെട്ട് സ്വദേശി കലൈശെൽവി (56), ബീഹാർ സ്വദേശി ബീംറാവു പസ്വാൻ (30) എന്നിവർക്കാണ് പരിക്കേറ്റത്. നെയ്യാറ്റിൻകര വെള്ളറട സ്വദേശികളായ ലോറി ഡ്രൈവർ ലിജോദാസ് (45),​ ലോറിയിലെ ക്ലീനർ കുമാർ (52) എന്നിവർക്ക് പരിക്കില്ല. ലോറിയെ മറികടന്നു വന്ന ആംബുലൻസിൽ തട്ടിയ ശേഷമാണ് നിയന്ത്രണം തെറ്റി ബസ്‌ ലോറിയിൽ ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മൂന്നുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കല്ലമ്പലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.