
തിരുവനന്തപുരം: നിയമ അദ്ധ്യാപനത്തിന് ജനകീയമുഖം നൽകിയത് ഡോ.എൻ. നാരായണൻ നായരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോ.എൻ. നാരായണൻ നായരുടെ ഒന്നാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടപെടുന്ന എല്ലാ മേഖലകളിലും പൂർണമായും സമയവും കഴിവും സമർപ്പിച്ച നാരായണൻ നായർ അത്‌ഭുത പ്രതിഭാസമായിരുന്നു. സംസ്ഥാനത്ത് മാറിമാറി അധികാരത്തിൽ വന്നവരോട് അടുത്തബന്ധം കാത്തുസൂക്ഷിച്ച നാരായണൻ നായർ അർപ്പണബോധത്തോടെ പ്രവർത്തിച്ചതിന്റെ ഉദാഹരണമാണ് ലാ അക്കാഡമി. മാതൃകയാക്കാവുന്ന ഒരുപാട് ഗുണങ്ങളുണ്ടായിരുന്ന അദ്ദേഹം പണം വാങ്ങാതെ മെരിറ്രിലാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയിരുന്നത്.
ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എയും നാരായണൻ നായരുടെ സഹോദരനുമായ കോലിയക്കോട് കൃഷ്‌ണൻ നായർ മുഖ്യമന്ത്രിക്ക് ഉപഹാരം നൽകി. മുതിർന്ന സി.പി.എം നേതാവ് എസ്.രാമചന്ദ്രൻപിള്ള, എം.വിൻസെന്റ് എം.എൽ.എ,കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്‌ദുൽ റഹീം,സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, അഡ്വ.നാഗരാജ് നാരായണൻ, ഡോ. എൻ.കെ. ജയകുമാർ, അഡ്വ. എ.മുഹമ്മദ് ഇക‌്ബാൽ തുടങ്ങിയവർ പങ്കെടുത്തു.