
തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ 149 -ാമത് ജന്മവാർഷികാഘോഷം തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിട്ട്യൂട്ടിൽ നടന്നു. ഉദയാസ്തമയ കാവ്യപൂജയിൽ പി.കെ.ഗോപി ,പ്രൊഫ. വി.മധുസൂദനൻ നായർ,വീരാൻകുട്ടി,മണമ്പൂർ രാജൻബാബു,മുരുകൻ കാട്ടാക്കട, വിനോദ് വൈശാഖി, ഡോ .ബിജു ബാലകൃഷ്ണൻ,സുമേഷ് കൃഷ്ണൻ, ആര്യ ഗോപി,ഇന്ദിര അശോക്, ഗിരീഷ് പുലിയൂർ,ചായം ധർമ്മരാജൻ,ദേശാഭിമാനി ഗോപി തുടങ്ങി നിരവധി കവികൾ പങ്കെടുത്തു. വൈകിട്ട് 6.28 ന് കവി കുരീപ്പുഴ ശ്രീകുമാറിന്റെ കാവ്യാലാപനത്തോടെ സമാപിച്ചു. ജയന്തി സമ്മേളനം പ്രഭാവർമ്മ ഉദ്‌ഘാടനം ചെയ്തു.
ആശാൻ കവിതാ നിരൂപണങ്ങൾക്ക് ഏർപ്പെടുത്തിയ വീണപൂവ് ശതാബ്ദി സമ്മാനം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് ഡോ .ജോർജ്ജ് ഓണക്കൂറും യുവകവികൾക്കുള്ള കുമാരകവി പുരസ്‌കാരം ആര്യ ഗോപിക്ക് പ്രൊഫ. വി.മധുസൂദനൻ നായരും സമ്മാനിച്ചു. ആശാൻ കാവ്യാലാപന മത്സരങ്ങൾക്കുള്ള സമ്മാനം കുരീപ്പുഴ ശ്രീകുമാർ വിതരണം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രൊഫ. വി.മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫ. എം.ആർ. സഹൃദയൻ തമ്പി സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം വിമൽകുമാർ നന്ദിയും പറഞ്ഞു.