
തിരുവനന്തപുരം: മയോക്ളിനിക്കിൽ തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകും. ഈ മാസം 23നാവും യാത്ര. വിദേശയാത്രയ്ക്ക് അനുമതി തേടി കേന്ദ്രസർക്കാരിന് കത്തു നൽകി. എത്ര ദിവസത്തെ ചികിത്സയാണ് വേണ്ടതെന്നും ആരൊക്കെ മുഖ്യമന്ത്രിയ്ക്കൊപ്പം പോകുമെന്നത് സംബന്ധിച്ചും സർക്കാർ വിശദ ഉത്തരവിറക്കും. യാത്ര രണ്ടു ദിവസം വൈകാനും സാദ്ധ്യതയുണ്ട്. ജനുവരിയിൽ രണ്ടാഴ്ച മയോക്ളിനിക്കിൽ അദ്ദേഹം ചികിത്സ നടത്തിയിരുന്നു. തുടർചികിത്സ ആവശ്യമുണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നെങ്കിലും സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് യാത്ര വൈകിയത്. 20 ന് മന്ത്രിസഭായോഗവും മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നുമുണ്ട്.
ചികിത്സാച്ചെലവിൽ പുതിയ ഉത്തരവ്
ജനുവരിയിൽ മുഖ്യമന്ത്രി മയോക്ളിനിക്കിൽ നടത്തിയ ചികിത്സയ്ക്ക് പണം അനുവദിച്ച് പൊതുഭരണ വകുപ്പ് (അക്കൗണ്ട്സ് -ആർ) ഇന്നലെ പുതിയ ഉത്തരവിറക്കി. 29,82,039 രൂപയാണ് അനുവദിച്ചത്. ഇതിനായി ഏപ്രിൽ 13ന് ഉത്തരവിറക്കിയിരുന്നെങ്കിലും ചികിത്സാ തീയതിയിൽ തെറ്റ് കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. പൊതുഭരണ അക്കൗണ്ട്സ് വിഭാഗം തെറ്റുവരുത്തിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തിയുണ്ട്.